ന്യൂഡല്‍ഹി: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം ശക്തമാക്കാനൊരുങ്ങി പ്രതിപക്ഷം. തുടര്‍ സമരത്തിന് സജ്ജമായി ഇന്‍ഡ്യ സഖ്യം. ഉച്ചയ്ക്ക് ഒന്നരയ്ക്ക് ജന്‍പഥ് റോഡില്‍ എത്താന്‍ എംപിമാര്‍ക്ക് നിര്‍ദേശം ലഭിച്ചു. ഇതിന് പുറമേ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ ഇന്‍ഡ്യ സഖ്യത്തിലെ എംപിമാരെ ഉച്ചഭക്ഷണ വിരുന്നിന് ക്ഷണിച്ചിട്ടുമുണ്ട്. ഗ്യാനേഷ് കുമാറിനെ കാണണമെന്ന് ആവശ്യപ്പെട്ടുള്ള കത്തില്‍ അവിടെവെച്ച് എംപിമാരെക്കൊണ്ട് ഒപ്പുവെയ്പ്പിക്കാനാണ് നീക്കം. തുടര്‍ന്ന് കത്ത് തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി കൂടിക്കാഴ്ചയ്ക്കുള്ള സമയം തേടും. ഗ്യാനേഷ് കുമാറിനെതിരെ സമരം തുടരുമെന്ന് രാഗുല്‍ ഗാന്ധി ഇന്നലെ വ്യക്തമാക്കിയിരുന്നു.
അതിനിടെ ആകാശവാണി ഭവനില്‍ അതിക്രമിച്ച് കയറിയെന്നുള്ള പരാതിയില്‍ രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തു. രാഹുല്‍ ഗാന്ധിക്ക് പുറമേ പ്രിയങ്ക ഗാന്ധി എംപി, കെ സി വേണുഗോപാല്‍ എംപി എന്നിവര്‍ക്കെതിരെയാണ് ഡല്‍ഹി പൊലീസ് കേസെടുത്തിരിക്കുന്നത്. ഇന്നലെ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് ഒന്‍പത് എഫ്ഐആറുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതിഷേധക്കാരോട് ആകാശവാണി ഭവന് ഒഴിയണമെന്ന് ആവശ്യപ്പെട്ടുവെന്നും എന്നാല്‍ അവര്‍ അതിന് തയ്യാറായില്ലെന്നും പൊലീസ് പറഞ്ഞു.
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ചൊവ്വാഴ്ച രാജ്യ തലസ്ഥാനത്ത് വന്‍ പ്രതിഷേധമായിരുന്നു അരങ്ങേറിയത്. പാര്‍ലമെന്റ് പരിസരത്ത് നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ഓഫീസിലേക്ക് മാര്‍ച്ച് നടത്താനായിരുന്നു പ്രതിപക്ഷം തീരുമാനിച്ചിരുന്നത്. എന്നാല്‍ ആകാശവാണി ഭവന് പരിസരത്തുവെച്ച് മാര്‍ച്ച് പൊലീസ് തടയുകയായിരുന്നു. ഇതോടെ പൊലീസ് സ്ഥാപിച്ച ബാരിക്കേഡിന് മുകളില്‍ കയറി രാഹുല്‍ പ്രതിഷേധിച്ചു. ബാരിക്കേഡിന് മുകളില്‍ നിന്ന് രാഹുല്‍ ദേശീയപതാക വീശി. പ്രതിഷേധം ശക്തമായതോടെ പൊലീസ് ഇടപെട്ടു. നേതാക്കളെ പൊലീസ് തടഞ്ഞു. ഇതോടെ കെ സി വേണുഗോപാല്‍ അടക്കമുള്ള നേതാക്കള്‍ പൊലീസിനെ തിരിച്ചും തടഞ്ഞു.
ഇതിനിടെ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടക്കമുള്ള നേതാക്കള്‍ ആകാശവാണി ഭവന് അകത്ത് പ്രവേശിച്ച് അവിടെ നിലയുറച്ചു. ഇതോടെ പൊലീസുകാര്‍ കുഴങ്ങി. നേതാക്കളുടെ പ്രതിഷേധം രാത്രിവരെ തുടര്‍ന്നു. രാത്രി 8.10 ഓടെ രാഹുല്‍, പ്രിയങ്ക, കൊടിക്കുന്നില്‍ സുരേഷ്, കെ സി വേണുഗോപാല്‍, ദീപേന്ദര്‍ ഹൂഡ എന്നിവരെ പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ശക്തമായ പ്രതിരോധമാണ് പൊലീസിനെതിരെ രാഹുല്‍ തീര്‍ത്തത്. ഏറെ നേരത്തെ ചെറുത്തുനില്‍പ്പിനൊടുവില്‍ കിംഗ്സ് വേ ക്യാമ്പിലേക്ക് നേതാക്കളെ എത്തിച്ചു. രണ്ടര മണിക്കൂര്‍ നീണ്ട സംഭവ വികാസങ്ങള്‍ക്കൊടുവിലാണ് നേതാക്കളെ പൊലീസ് വിട്ടയച്ചത്.



