മലപ്പുറം: വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും പിന്നീട് ഗർഭം അലസിപ്പിക്കാൻ മരുന്ന് നൽകുകയും ചെയ്തെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. കണ്ണൂർ കാരകുണ്ട് സ്വദേശിയായ അലി അക്ബറിനെയാണ് (36) പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. വിവാഹമോചിതയായ യുവതിയുമായി അടുപ്പം സ്ഥാപിച്ച പ്രതി, വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകിയിരുന്നതായാണ് പൊലീസ് പറയുന്നത്.
യുവതിയുടെ ആദ്യ വിവാഹത്തിലെ മകളുടെ സംരക്ഷണവും ഏറ്റെടുക്കാമെന്ന് ഇയാൾ ഉറപ്പുനൽകിയിരുന്നു. ഈ വാഗ്ദാനങ്ങളിൽ വിശ്വസിച്ച യുവതിയെ പ്രതി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. പീഡനത്തെ തുടർന്ന് യുവതി ഗർഭിണിയായതായും പിന്നീട് പ്രതി നൽകിയ മരുന്ന് കഴിച്ചതോടെ ഗർഭം അലസിയതായും പരാതിയിൽ വ്യക്തമാക്കുന്നു.യുവതിയുടെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ അലി അക്ബറിനെ പൊലീസ് പിടികൂടുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ ചോദ്യം ചെയ്യലിന് ശേഷം കോടതിയിൽ ഹാജരാക്കി. പരപ്പനങ്ങാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി പ്രതിയെ റിമാൻഡ് ചെയ്ത് തിരൂർ സബ് ജയിലിലേക്ക് അയച്ചു.



