ചെന്നൈ/കൊൽക്കത്ത: അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും ഒരു ലോക്സഭാ മണ്ഡലത്തിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോൾ ബിജെപിക്കും എൻഡിഎയ്ക്കും ആശ്വാസം. തമിഴ്നാട്ടിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളിലും വിജയ്‌യുടെ തമിഴക വെട്രി കഴകം മികച്ച വിജയം സ്വന്തമാക്കി. അതേസമയം, പശ്ചിമ ബംഗാളിലെ രണ്ട് മണ്ഡലങ്ങളിലും പുതുച്ചേരിയിലെ ഒരു മണ്ഡലത്തിലും എൻഡിഎ വിജയിച്ചു. അസമിലെ നാഗോൺ ലോക്സഭാ മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിലും ബിജെപിക്കാണ് വിജയം.
തമിഴ്നാട്ടിലെ മധുരാന്തകം, ധാരാപുരം നിയമസഭാ മണ്ഡലങ്ങളാണ് എഐഎഡിഎംകെയിൽ നിന്ന് ടിവികെ പിടിച്ചെടുത്തത്. ധാരാപുരത്ത് ടിവികെ സ്ഥാനാർഥി പി. സത്യഭാമ 9,471 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഡിഎംകെ രണ്ടാം സ്ഥാനത്തെത്തിയപ്പോൾ പരമ്പരാഗത ശക്തികേന്ദ്രമായിരുന്ന മണ്ഡലത്തിൽ എഐഎഡിഎംകെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പി. സത്യഭാമ 66,841 വോട്ടുകൾ നേടിയപ്പോൾ ഡിഎംകെ സ്ഥാനാർഥി എസ്. സുഖന്യയ്ക്ക് 57,370 വോട്ടുകളാണ് ലഭിച്ചത്. എഐഎഡിഎംകെ സ്ഥാനാർഥി കെ. ഭാനുമതി 45,280 വോട്ടുകൾ നേടി.
പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റേജിനഗർ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. മുൻ മുഖ്യമന്ത്രി മമത ബാനർജിയെ പരാജയപ്പെടുത്തിയ ഭബാനിപൂർ മണ്ഡലം നിലനിർത്താൻ മുഖ്യമന്ത്രി സുവേന്ദു അധികാരി തീരുമാനിച്ചതോടെയാണ് നന്ദിഗ്രാമിൽ ഉപതിരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്. അദ്ദേഹം നന്ദിഗ്രാം നിയമസഭാ സീറ്റ് രാജിവയ്ക്കുകയായിരുന്നു. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ റേജിനഗർ, നൗദ എന്നീ രണ്ട് മണ്ഡലങ്ങളിൽ വിജയിച്ച ആം ജനതാ ഉന്നയൻ പാർട്ടി അധ്യക്ഷൻ ഹുമയൂൺ കബീർ റേജിനഗർ സീറ്റ് ഒഴിഞ്ഞതിനെ തുടർന്നാണ് അവിടെയും ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
തമിഴ്നാട്ടിൽ മധുരാന്തകം, ധാരാപുരം മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിന് പിന്നിലും എംഎൽഎമാരുടെ രാജിയായിരുന്നു കാരണം. അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എഐഎഡിഎംകെ സ്ഥാനാർഥികളായ മരഗതം കുമാരവേലും പി. സത്യഭാമയുമാണ് യഥാക്രമം ഈ മണ്ഡലങ്ങളിൽ നിന്ന് വിജയിച്ചത്. എന്നാൽ മുഖ്യമന്ത്രി വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം സർക്കാരിന് നിയമസഭയിലെ വിശ്വാസവോട്ടെടുപ്പിൽ പിന്തുണ നൽകിയ എഐഎഡിഎംകെ വിമത എംഎൽഎമാരിൽ ഇരുവരും ഉൾപ്പെട്ടിരുന്നു. പിന്നീട് എംഎൽഎ സ്ഥാനം രാജിവച്ച ഇവർ ഭരണകക്ഷിയായ ടിവികെയിൽ ചേർന്നു. ഇതോടെയാണ് രണ്ട് മണ്ഡലങ്ങളിലും വീണ്ടും തിരഞ്ഞെടുപ്പ് നടത്തേണ്ടിവന്നത്.
പുതുച്ചേരിയിലെ തട്ടാഞ്ചാവടി നിയമസഭാ മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പ് നടന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ തട്ടാഞ്ചാവടിയിലും മംഗലത്തും വിജയിച്ച ഓൾ ഇന്ത്യ എൻആർ കോൺഗ്രസ് അധ്യക്ഷനും മുഖ്യമന്ത്രിയുമായ എൻ. രംഗസാമി മംഗലം മണ്ഡലം നിലനിർത്താൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് തട്ടാഞ്ചാവടി സീറ്റ് രാജിവച്ചതോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്. അസമിലെ നാഗോൺ ലോക്സഭാ മണ്ഡലത്തിലും സമാനമായ സാഹചര്യത്തിലാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി നാഗോണിൽ നിന്ന് വിജയിച്ച പ്രദ്യുത് ബോർദൊലോയ് പിന്നീട് ബിജെപിയിൽ ചേർന്നിരുന്നു. തുടർന്ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ദിസ്പൂർ മണ്ഡലത്തിൽ നിന്ന് വിജയിച്ചതോടെയാണ് നാഗോൺ ലോക്സഭാ സീറ്റ് ഒഴിവുവന്നത്. ഇങ്ങനെ വിവിധ രാഷ്ട്രീയ സാഹചര്യങ്ങളെ തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ തമിഴ്നാട്ടിൽ ടിവികെ രണ്ട് മണ്ഡലങ്ങൾ സ്വന്തമാക്കിയപ്പോൾ പശ്ചിമ ബംഗാളിലും പുതുച്ചേരിയിലും എൻഡിഎ നേട്ടമുണ്ടാക്കി. അസമിലെ ലോക്സഭാ മണ്ഡലം ബിജെപിയും സ്വന്തമാക്കി.



