വയനാട്: മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പിലെ രണ്ടാംഘട്ട വീടുനിർമാണത്തിൽ പുരോഗതിയില്ലെന്നാരോപിച്ച് ദുരന്തബാധിതർ രംഗത്ത്. രണ്ട് എ, രണ്ട് ബി. ഗുണഭോക്തൃപട്ടികകളിൽ ഉൾപ്പെട്ട 156 കുടുംബങ്ങളുടെ കൂട്ടായ്മയായ ‘ദുരന്തബാധിതരാണ്’ വീടുകളുടെ നിർമാണം ഇഴഞ്ഞുനീങ്ങുന്നതായും ഈ മാസം വീട്ടുവാടക ലഭിച്ചില്ലെന്നും ആരോപിച്ച് രംഗത്തെത്തിയത്. വീടു കിട്ടാത്തവർ സമരങ്ങളും പ്രതിഷേധവുമെല്ലാം നടത്തിയതോടെ ഒക്ടോബർ 30-നകം നിർമാണം പൂർത്തീകരിച്ച് വീടുകൾ കൈമാറുമെന്ന് മന്ത്രി ടി. സിദ്ദിഖ് ഉറപ്പു നൽകിയിരുന്നു.
മന്ത്രി എ.പി. അനിൽകുമാർ നവംബർ ഒന്നിനകം വീടുനൽകുമെന്നും പറഞ്ഞു. എന്നാൽ, ടൗൺഷിപ്പിലെ വീടുകളുടെ നിർമാണം എങ്ങുമെത്തിയിട്ടില്ലെന്നാണ് ദുരന്തബാധിതർ പറയുന്നത്. രണ്ടായിരത്തിലധികം തൊഴിലാളികൾ ജോലി ചെയ്തിരുന്നിടത്തിപ്പോൾ വെറും അഞ്ഞൂറോളം പേർ മാത്രമാണുള്ളത്. അതും റോഡുകളുടെയും പൊതുസ്ഥാപനങ്ങളുടെയും പണിക്കാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നത്. നിർവഹണച്ചുമതലയുള്ള ഉദ്യോഗസ്ഥരുടെയും സർക്കാർ സംവിധാനങ്ങളുടെയും ഭാഗത്തുനിന്ന് നിർമാണം വേഗത്തിലാക്കാനുള്ള ഇടപെടലുകൾ ഉണ്ടാവുന്നില്ലെന്നും ആരോപണമുണ്ട്.
ദുരന്തബാധിത പ്രദേശത്തെ മുഴുവൻ പേരുടെയും വായ്പകൾ എഴുതിത്തള്ളുമെന്ന സർക്കാർ പ്രഖ്യാപനവും പാലിക്കപ്പെട്ടിട്ടില്ല. മൈക്രോപ്ലാനിൽ ഉൾപ്പെടുത്തി സ്റ്റാർട്ടപ്പുകൾക്ക് രണ്ടുലക്ഷം രൂപ സഹായം നൽകുമെന്നവാക്കും പാതിവഴിയിലാണ്. ദുരന്തത്തിൽ വ്യാപാര സ്ഥാപനങ്ങൾ നഷ്ടപ്പെട്ട വ്യാപാരികൾക്കും കെട്ടിടമുടമകൾക്കുമുള്ള സഹായവും ഇതുവരെയും നൽകിയിട്ടില്ല.



