പട്ന: ബിഹാറിലെ ഹാജിപൂരിൽ ഗംഗാ നദിയിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി. മരിച്ചവരിൽ ഏറെയും കുട്ടികളാണെന്നാണ് റിപ്പോർട്ട്. റാംപൂർ ശ്യാംചന്ദ് ഗ്രാമത്തിന് സമീപം ഇന്നലെ രാത്രിയായിരുന്നു അപകടം. പത്തോളം പേരെ രക്ഷപ്പെടുത്തിയതായും ഇതിൽ ആറുപേർ ആശുപത്രിയിൽ ചികിത്സയിലാണെന്നും പൊലീസ് അറിയിച്ചു.
അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ നാല് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
ഒരു ആഘോഷ പരിപാടിയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നവരാണ് അപകടത്തിൽപ്പെട്ടവരിൽ ഏറെയുമെന്നാണ് റിപ്പോർട്ട്. സമീപത്തെ ഗ്രാമവാസികളാണ് ആദ്യം രക്ഷാപ്രവർത്തനം ആരംഭിച്ചത്. പിന്നീട് ദേശീയ ദുരന്തനിവാരണ സേനയായ എൻഡിആർഎഫ് ഉൾപ്പെടെയുള്ള സംഘങ്ങളും സ്ഥലത്തെത്തി തിരച്ചിൽ നടത്തി.



