കണ്ണൂർ: സിപിഎം മുൻ സംസ്ഥാന കമ്മിറ്റി അംഗവും സിഐടിയു സംസ്ഥാന സെക്രട്ടറിയുമായിരുന്ന കെ പി സഹദേവൻ അന്തരിച്ചു. 84 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കണ്ണൂർ എകെജി ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ബീഡി തെറുപ്പുകാരനായി ജീവിതമാരംഭിച്ച കെ പി സഹദേവൻ, കെ പി ടുബാക്കോ വർക്കേഴ്സ് യൂണിയൻ കണ്ണോത്തുംചാൽ ഡിവിഷൻ സെക്രട്ടറിയായാണ് പൊതുപ്രവർത്തനരംഗത്തേക്ക് കടന്നുവന്നത്. സിഐടിയു അഖിലേന്ത്യാ വർക്കിങ് കമ്മിറ്റി അംഗം, ബീഡി ആൻഡ് സിഗാർ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു.
അടിയന്തരാവസ്ഥക്കാലത്ത് മിസ നിയമപ്രകാരം 20 മാസം ജയിലിൽ കഴിഞ്ഞു. വിവിധ കാലയളവുകളിലായി രണ്ടുവർഷത്തോളം അധികമായും ജയിൽവാസം അനുഭവിച്ചു.
1955-56 കാലഘട്ടത്തിലാണ് കെ പി സഹദേവൻ കമ്യൂണിസ്റ്റ് പാർട്ടി അംഗമായത്. 1964ൽ സിപിഎം രൂപീകരിച്ചതുമുതൽ 1978 വരെ കണ്ണൂർ മുനിസിപ്പൽ ലോക്കൽ സെക്രട്ടറിയായി പ്രവർത്തിച്ചു. 1978ൽ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായ അദ്ദേഹം 1986 മുതൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായും പ്രവർത്തിച്ചു. 2005ൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായി. 2022ൽ സംസ്ഥാന കമ്മിറ്റിയിൽനിന്ന് ഒഴിഞ്ഞു.
2006ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിയായും കെ പി സഹദേവൻ മത്സരിച്ചിരുന്നു.



