തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് വീണ്ടും സമൻസ് അയയ്ക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). പുതിയ തീയതി നിശ്ചയിച്ച് ഉടൻ സമൻസ് നൽകാനാണ് നീക്കം. ചോദ്യം ചെയ്യലിന് ഹാജരാകാനാകില്ലെന്ന് അറിയിച്ചുകൊണ്ടുള്ള പിണറായി വിജയന്റെ മറുപടി പരിശോധിച്ച ശേഷമാണ് ഇഡി തുടർനടപടികളിലേക്ക് കടക്കുന്നത്.
സുപ്രീംകോടതിയുടെ ഉത്തരവ് അന്വേഷണത്തിന് തടസ്സമാകില്ലെന്നാണ് ഇഡിക്ക് ലഭിച്ച നിയമോപദേശമെന്നാണ് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണവുമായി മുന്നോട്ടുപോകാനും പുതിയ സമൻസ് അയയ്ക്കാനുമാണ് ഏജൻസിയുടെ നീക്കം.
നിലവിലെ സമൻസിൽ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പിണറായി വിജയൻ ഇഡിയെ അറിയിച്ചിരുന്നു. നിയമസഭാ സമ്മേളനവും സുപ്രീംകോടതി ഉത്തരവും ചൂണ്ടിക്കാട്ടിയായിരുന്നു വിശദീകരണം. ഒക്ടോബർ 23ന് രാവിലെ 11ന് കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നേരത്തെ നോട്ടീസ് നൽകിയത്. പിണറായി വിജയൻ വീട്ടിലില്ലാതിരുന്നതിനാൽ തിരുവനന്തപുരത്തെ വസതിയിലെത്തി നോട്ടീസ് പതിച്ചാണ് ഉദ്യോഗസ്ഥർ മടങ്ങിയത്.
കേസിൽ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുന്നതിനുള്ള തയ്യാറെടുപ്പുകൾ ഇഡി ശക്തമാക്കിയതായാണ് വിവരം. ചെന്നൈയിലെ സ്പെഷ്യൽ ഡയറക്ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ എത്തിയതായും റിപ്പോർട്ടുകളുണ്ട്. സുപ്രീംകോടതി ഇഡിയുടെ എൻഫോഴ്‌സ്‌മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ടുമായി (ഇസിഐആർ) ബന്ധപ്പെട്ട് അന്വേഷണത്തിന് തടസ്സമാകുന്ന പരാമർശങ്ങളൊന്നും നടത്തിയിട്ടില്ലെന്നാണ് ഏജൻസിയുടെ വിലയിരുത്തൽ.
അതേസമയം, വിജിലൻസ് കേസിൽ പിണറായി വിജയൻ ഉൾപ്പെടെയുള്ളവരുടെ അപ്പീലുകളും കോടതിയുടെ പരിഗണനയിലേക്ക് വന്നേക്കും. അപ്പീലുകൾ അടുത്ത ദിവസം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിക്കാനാണ് നീക്കമെന്നാണ് റിപ്പോർട്ട്.
പുതിയ സമൻസ് അയയ്ക്കുന്നതോടെ സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണം വീണ്ടും നിർണായക ഘട്ടത്തിലേക്ക് കടക്കുകയാണ്. എന്നാൽ, തുടർനടപടികളിൽ ഇഡിയുടെ ഔദ്യോഗിക അറിയിപ്പും കോടതിയുടെ ഉത്തരവുകളും നിർണായകമാകും.



