ഡൽഹി: സിം കാർഡ് ഫോണിൽനിന്ന് ഊരിമാറ്റിയാലും ആപ്പുകൾ ഉപയോഗിക്കാൻ കഴിയാത്തവിധം പുതിയ ചട്ടം നടപ്പാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. വാട്സ്ആപ്പ് ഉൾപ്പെടെയുള്ള മെസേജിങ് ആപ്പുകളുടെ ഉപയോഗത്തെ ബാധിക്കുന്നതാണ് ഈ നിർദേശം.
2025 നവംബറിലാണ് ടെലികോം മന്ത്രാലയം ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. സിം കാർഡ് ഉപയോഗിച്ച് രജിസ്റ്റർ ചെയ്തശേഷം അത് ഫോണിൽനിന്ന് നീക്കം ചെയ്താലും ആപ്പുകൾ തുടർന്നും ഉപയോഗിക്കാൻ കഴിയുന്ന സാഹചര്യം നിയന്ത്രിക്കുകയാണ് ലക്ഷ്യം. സൈബർ തട്ടിപ്പുകൾ തടയുന്നതിനും ഉപയോക്താക്കളെ കൂടുതൽ സുരക്ഷിതരാക്കുന്നതിനുമാണ് പുതിയ ചട്ടം കൊണ്ടുവരുന്നതെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.
വാട്സ്ആപ്പ് ഉൾപ്പെടെയുള്ള കമ്പനികൾ തുടക്കത്തിൽ നിർദേശത്തിനെതിരെ എതിർപ്പ് അറിയിച്ചിരുന്നു. എന്നാൽ, ചട്ടം നടപ്പാക്കുന്നതിനായി കമ്പനികൾക്ക് 2026 ഡിസംബർ 31 വരെ സമയം അനുവദിക്കുകയായിരുന്നു.
പുതിയ ചട്ടം പ്രാബല്യത്തിൽ വരുന്നതോടെ സിം കാർഡും ആപ്പിന്റെ ഉപയോഗവും തമ്മിലുള്ള ബന്ധം കൂടുതൽ കർശനമാകും. ഇത് ഉപയോക്താക്കളുടെ ദൈനംദിന ആപ്പ് ഉപയോഗത്തെ എങ്ങനെ ബാധിക്കുമെന്നത് ചട്ടം നടപ്പാക്കുന്ന രീതിയെ ആശ്രയിച്ചിരിക്കും.



