കണ്ണൂർ: പാർട്ടിയിലെ തരംതാഴ്ത്തൽ നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സിപിഐഎം കേന്ദ്ര കമ്മിറ്റിക്ക് കത്ത് നൽകി പി.പി. ദിവ്യ. ജില്ലാ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കി രണ്ട് വർഷമായിട്ടും നീതി ലഭിച്ചിട്ടില്ലെന്ന് കത്തിൽ ചൂണ്ടിക്കാട്ടിയതായാണ് വിവരം. വർഗ-ബഹുജന സംഘടനകളിൽനിന്ന് ഒഴിവാക്കിയതിന്റെ കാരണവും ദിവ്യ ചോദ്യം ചെയ്തിട്ടുണ്ട്. സിപിഐഎം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ വിപുലീകൃത യോഗത്തിന് മുൻപാണ് കേന്ദ്ര കമ്മിറ്റിക്ക് കത്ത് നൽകിയത്.
പി.പി. ദിവ്യയെ വീണ്ടും ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്താനുള്ള നീക്കങ്ങൾ നേരത്തെ നടന്നിരുന്നു. എന്നാൽ കേന്ദ്ര കമ്മിറ്റിക്ക് കത്ത് നൽകിയിട്ടും വിപുലീകൃത ജില്ലാ കമ്മിറ്റിയിലൂടെ പാർട്ടിയിലെ സ്ഥാനത്തേക്ക് തിരിച്ചെത്താൻ ദിവ്യയ്ക്ക് കഴിഞ്ഞില്ല. ദിവ്യയുടെ തിരിച്ചുവരവിനെ ചില നേതാക്കൾ എതിർത്തതായാണ് വിവരം.
ഇതിനിടെ, പാർട്ടിയിൽനിന്ന് അകലുന്നതിന്റെ സൂചനകൾ നൽകിക്കൊണ്ട് പി.പി. ദിവ്യ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ പാർട്ടി നേതാക്കൾ ദിവ്യയെ ബന്ധപ്പെട്ടതായാണ് വിവരം. പ്രശ്നങ്ങൾ പരിഹരിക്കാമെന്നും പാർട്ടിയുമായി അകന്നുപോകരുതെന്നും നേതാക്കൾ അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്.
അതേസമയം, കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ പി.പി. ദിവ്യ അഴിമതി നടത്തിയെന്ന പരാതിയിൽ വിജിലൻസ് അന്വേഷണസംഘത്തെ ഉടൻ പ്രഖ്യാപിക്കും. ദിവ്യയുടെയും ഭർത്താവിന്റെയും സ്വത്തുവിവരങ്ങളും മുൻ ജില്ലാ പഞ്ചായത്ത് സെക്രട്ടറി അബ്ദുൽ ലത്തീഫിന്റെ പങ്കും അന്വേഷണപരിധിയിൽ ഉൾപ്പെടും.
ടെൻഡർ നടപടികളില്ലാതെ കാർട്ടൺ ഇന്ത്യ കമ്പനിക്ക് നിർമാണ കരാർ നൽകിയെന്ന കെഎസ്യു ഉപാധ്യക്ഷൻ മുഹമ്മദ് ഷമ്മാസിന്റെ പരാതിയിലാണ് സർക്കാർ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണസംഘത്തെ പ്രഖ്യാപിക്കുന്നതോടെ പരാതിയിൽ വിശദമായ പരിശോധന ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.



