കാസർഗോഡ്: കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് എസ്ഐആറിനെതിരെ സിപിഎം പരാതി നൽകിയില്ലെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ വാദം പച്ചനുണയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം വി ജയരാജൻ. ജനാധിപത്യ കശാപ്പിനെ ന്യായീകരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും ജയരാജൻ ആരോപിച്ചു. ന്യൂനപക്ഷ, സ്ത്രീ, ദളിത് വോട്ടർമാരെ പട്ടികയിൽ നിന്ന് കൂട്ടത്തോടെ നീക്കം ചെയ്യുകയും എന്യുമറേഷൻ ഫോം കൃത്യമായി വിതരണം ചെയ്യാതിരിക്കുകയും ചെയ്തിട്ടുണ്ട്.
വിഷയത്തിൽ ഒരു ഡസനോളം പരാതികൾ സി പി എം അന്നത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് രേഖാമൂലം നൽകിയിരുന്നു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറുടെയും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെയും കണക്കുകളിൽ വലിയ വൈരുദ്ധ്യങ്ങൾ നിലനിന്നിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. വോട്ട് തള്ളുന്നതിനും പുതിയത് ഉൾപ്പെടുത്തുന്നതിനുമായി നൽകിയ അപേക്ഷകളിൽ വൻ ക്രമക്കേട് നടത്തുകയും വ്യാജ വോട്ടർമാരെ തിരുകിക്കയറ്റുകയും ചെയ്തുവെന്ന് എം. വി ജയരാജൻ ചൂണ്ടിക്കാട്ടി.
ഇക്കാര്യത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷനെപ്പോലെ തന്നെ മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ പ്രിൻസിപ്പൽ സെക്രട്ടറി രത്തൻ ഖേൽക്കർക്കും തുല്യ ഉത്തരവാദിത്തമുണ്ട്. കേന്ദ്രത്തിൽ ബിജെപിയും സംസ്ഥാനത്ത് യുഡിഎഫും തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഉയർന്നുവരുന്ന ജനകീയ പ്രതിഷേധങ്ങളെ ഒരുപോലെ അടിച്ചമർത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.



