ജയ്പൂര്‍: ഐപിഎല്ലിൽ ഇന്ന് രാജസ്ഥാന്‍ റോയല്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. ജയ്പൂരില്‍ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം തുടങ്ങുക. രാജസ്ഥാന്‍ റോയല്‍സിന്റെ ഹോം ഗ്രൗണ്ടില്‍ മത്സരത്തിന് ഇറങ്ങുമ്പോൾ ആശങ്കയുടെ നടുവിലാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. എട്ട് കളിയില്‍ അഞ്ചിലും തോല്‍വില നേരിട്ട ഡൽഹിക്ക് അവസാന മൂന്ന് മത്സരത്തിലും നിരാശയായിരുന്നു. കെ .എല്‍ രാഹുലും ഡേവിഡ് മില്ലറും ട്രിസ്റ്റന്‍ സ്റ്റബ്‌സും അടക്കമുള്ള ബാറ്റര്‍മാര്‍ ഉണ്ടെങ്കിലും സ്ഥിരതയില്ലായ്മയാണ് ഡല്‍ഹിയുടെ പ്രതിസന്ധി.
ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് സീസണില്‍ ആദ്യമായി ഇലവനിലെത്തുന്നത് ഡൽഹിക്ക് ആശ്വാസമാണ്. പരിക്ക് മാറിയ ലുംഗി എന്‍ഗിഡി പരിശീലനം തുടങ്ങിയെങ്കിലും കളിച്ചേക്കില്ല. അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് സ്പിന്‍ ജോഡിക്ക് മൂര്‍ച്ച നഷ്ടമായതും പ്രതിസന്ധിയാവും. വൈഭവ് സൂര്യവന്‍ഷി, യശസ്വീ ജയ്‌സ്വാള്‍ ഓപ്പണിംഗ് ജോഡിയിലാണ് രാജസ്ഥാന്‍ റോയല്‍സിന്റെ പ്രതീക്ഷ. ഇരുവരും താളം കണ്ടെത്തിയാല്‍ ഡല്‍ഹി ബൗളര്‍മാര്‍ കാഴ്ചക്കാരാവും. മധ്യനിരയില്‍ നായകന്‍ റിയാന്‍ പരാഗിന്റെയും ഷിമ്രോണ്‍ ഹെറ്റ്‌മെയറിന്റേയും റണ്‍വരള്‍ച്ച അവസാനിച്ചിട്ടില്ല. രവീന്ദ്ര ജഡേജയുടെ ഓള്‍റൗണ്ട് മികവും ജോഫ്ര ആര്‍ച്ചറുടെ വേഗപ്പന്തുകളും നിര്‍ണായകം. നേര്‍ക്കുനേര്‍ പോരാട്ടക്കണക്കില്‍ ഇരുടീമും ഒപ്പത്തിനൊപ്പമാണ്. മുപ്പത് കളിയില്‍ ഇരുടീമുകൾക്ക് പതിനഞ്ച് വീതമായിരുന്നു ജയം.
