ന്യൂഡൽഹി: ഗ്രേറ്റ് നിക്കോബാർ പദ്ധതിക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾ തീർത്തും തെറ്റാണെന്ന് മുൻ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ആർ.കെ.എസ് ഭദൗരിയ. ഇന്ത്യയുടെ തന്ത്രപ്രധാനവും സാമ്പത്തികവുമായ വളർച്ചയ്ക്ക് ഈ സംയോജിത പദ്ധതി അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധിയുടെ വിമർശനങ്ങൾ വസ്തുതകൾക്ക് നിരക്കാത്തതാണെന്നും രാജ്യസുരക്ഷയെ ബാധിക്കുന്ന ഇത്തരം വിഷയങ്ങളിൽ തെറ്റായ പ്രചാരണം നടത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ക്യാമ്പ്‌ബെൽ ബേയിൽ നടപ്പിലാക്കുന്ന ഈ ബൃഹദ് പദ്ധതി രാജ്യത്തെ പ്രകൃതിക്കും ഗോത്രവർഗ പൈതൃകത്തിനുമെതിരായ വലിയ കുറ്റകൃത്യമാണെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രധാന ആരോപണം. ഏകദേശം 160 ചതുരശ്ര കിലോമീറ്റർ മഴക്കാടുകൾ നശിപ്പിക്കപ്പെടുമെന്നും ദശലക്ഷക്കണക്കിന് മരങ്ങൾ വെട്ടിമാറ്റപ്പെടുമെന്നും അദ്ദേഹം അവകാശപ്പെട്ടു. “വികസനത്തിന്റെ ഭാഷയിൽ പൊതിഞ്ഞ വിനാശം” എന്നാണ് രാഹുൽ ഈ പദ്ധതിയെ വിശേഷിപ്പിച്ചത്. ഈ വിഷയം പാർലമെന്റിൽ ഗൗരവമായി ഉയർത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ അസംബന്ധമെന്ന് മുൻ വ്യോമസേനാ മേധാവി
