ഒഡിഷ തീരം തൊട്ട് ചുഴലിക്കാറ്റ് അക്വാൻ; മൂന്ന് മണിക്കൂറിനുള്ളിൽ ശക്തി കുറഞ്ഞ് തീവ്ര ന്യൂനമർദമാകും

ഭുവനേശ്വർ: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ചുഴലിക്കാറ്റ് അക്വാൻ ഒഡിഷ തീരം കടന്നു. ഗോപാൽപൂരിന് സമീപം വടക്കൻ ആന്ധ്രപ്രദേശ്–തെക്കൻ ഒഡിഷ തീരങ്ങളിലൂടെയാണ് ചുഴലിക്കാറ്റ് കരതൊട്ടത്. അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ശക്തി കുറഞ്ഞ് തീവ്ര ന്യൂനമർദമായി മാറുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

മണിക്കൂറിൽ 70 മുതൽ 80 കിലോമീറ്റർ വരെ വേഗതയിലും 90 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റോടെയുമാണ് അക്വാൻ തീരം കടന്നത്. ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ ഒഡിഷയിലും ആന്ധ്രപ്രദേശിലെ തീരമേഖലകളിലും ശക്തമായ മഴയും കാറ്റും തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിനും മിന്നൽ പ്രളയത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

ചുഴലിക്കാറ്റ് തീരം കടക്കുന്നതിന് മുന്നോടിയായി ഒഡിഷയിൽ വ്യാപകമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചിരുന്നു. തീരദേശ മേഖലകളിൽ നിന്ന് മൂന്ന് ലക്ഷത്തോളം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുകയും രക്ഷാപ്രവർത്തന സംഘങ്ങളെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക നിർദേശങ്ങൾ അനുസരിക്കണമെന്നും അധികൃതർ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *