ലഖ്നൗ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഗുണ്ടാസംഘത്തലവൻ നസീം ദുറാനി ഉത്തർപ്രദേശിൽ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ബുലന്ദ്ഷഹറിൽ ഡൽഹി പൊലീസും നോയിഡ സ്പെഷ്യൽ ടാസ്ക് ഫോഴ്സും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇയാൾ കൊല്ലപ്പെട്ടത്.
ഡൽഹി നിയമമന്ത്രി കപിൽ മിശ്രയുടെ ഓഫീസിന് സമീപം നവംബർ 16ന് സമീർ എന്ന യുവാവ് വെടിയേറ്റു കൊല്ലപ്പെട്ട സംഭവത്തിൽ നസീം ദുറാനിക്ക് പങ്കുണ്ടെന്നാണ് പൊലീസിന്റെ സംശയം. സംഭവത്തിന് പിന്നാലെ ഇയാൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കിയിരുന്നു. ബുലന്ദ്ഷഹറിൽ ഇയാളുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്നാണ് സംയുക്ത സംഘം ഓപ്പറേഷൻ നടത്തിയത്.
പൊലീസിനെ കണ്ടതോടെ രക്ഷപ്പെടാൻ ശ്രമിച്ച ദുറാനി വെടിയുതിർത്തതായും തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ ഇയാൾക്ക് വെടിയേറ്റതായും പൊലീസ് അറിയിച്ചു. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. രണ്ട് പിസ്റ്റളുകളും സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു.
ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായിയായ ഛോട്ടാ ഷക്കീലുമായി ദുറാനിക്ക് ബന്ധമുണ്ടായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. തിഹാർ ജയിലിൽ കഴിയുകയായിരുന്ന അധോലോക കുറ്റവാളി ഛോട്ടാ രാജനെ വധിക്കാൻ ഗൂഢാലോചന നടത്തിയതിലും ഇയാൾക്ക് പങ്കുണ്ടെന്ന് ആരോപണമുണ്ട്. കൊലപാതകം, കൊലപാതകശ്രമം, കവർച്ച തുടങ്ങി 25ലധികം ക്രിമിനൽ കേസുകൾ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
