ആറ് വർഷത്തെ അകൽച്ചയ്ക്ക് വിരാമം? പഞ്ചാബിൽ ബിജെപി–അകാലിദൾ സഖ്യം ഇന്ന് പ്രഖ്യാപിച്ചേക്കും

ന്യൂഡൽഹി: 2027-ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയും ശിരോമണി അകാലിദളും വീണ്ടും കൈകോർക്കുന്നു. ആറ് വർഷത്തെ രാഷ്ട്രീയ അകൽച്ചയ്ക്ക് ശേഷം ഇരുപാർട്ടികളും സഖ്യം പുനഃസ്ഥാപിക്കുന്ന പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഉച്ചയ്ക്ക് ഒരു മണിക്ക് ന്യൂഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് നടക്കുന്ന സംയുക്ത വാർത്താസമ്മേളനത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ, അകാലിദൾ അധ്യക്ഷൻ സുഖ്ബീർ സിങ് ബാദൽ എന്നിവർ സഖ്യം പ്രഖ്യാപിക്കുമെന്നാണ് സൂചന.

2027-ൽ നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പാണ് പുതിയ നീക്കത്തിന് പിന്നിൽ. 117 നിയമസഭാ സീറ്റുകളുള്ള പഞ്ചാബിൽ സീറ്റ് വിഭജന ചർച്ചകൾ ഇരുപാർട്ടികൾക്കുമിടയിൽ പുരോഗമിക്കുകയാണ്. എത്ര സീറ്റുകളിൽ മത്സരിക്കണം എന്നതിലാണ് പ്രധാനമായും ചർച്ചകൾ നടക്കുന്നത്. നേരത്തേ ബിജെപി 23 സീറ്റുകളിലും അകാലിദൾ 94 സീറ്റുകളിലുമായിരുന്നു മത്സരിച്ചിരുന്നത്. ഇത്തവണ കൂടുതൽ സീറ്റുകൾ വേണമെന്നാണ് ബിജെപിയുടെ ആവശ്യമെന്നാണ് റിപ്പോർട്ടുകൾ.

2020 സെപ്റ്റംബറിലാണ് ബിജെപിയും അകാലിദളും തമ്മിലുള്ള 24 വർഷത്തെ സഖ്യം തകർന്നത്. കേന്ദ്രസർക്കാർ കൊണ്ടുവന്ന മൂന്ന് കാർഷിക നിയമങ്ങളോടുള്ള വിയോജിപ്പിനെത്തുടർന്നാണ് അകാലിദൾ എൻഡിഎ വിട്ടത്. കർഷക പ്രക്ഷോഭം ശക്തമായതോടെ അകാലിദൾ നേതാവും അന്നത്തെ കേന്ദ്രമന്ത്രിയുമായ ഹർസിമ്രത് കൗർ ബാദൽ മന്ത്രിസ്ഥാനം രാജിവെക്കുകയും ചെയ്തു. പിന്നീട് കാർഷിക നിയമങ്ങൾ കേന്ദ്രസർക്കാർ പിൻവലിച്ചെങ്കിലും ഇരുപാർട്ടികളും തമ്മിലുള്ള രാഷ്ട്രീയ അകൽച്ച തുടർന്നു.

2022-ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരുപാർട്ടികളും ഒറ്റയ്ക്കാണ് മത്സരിച്ചത്. ആകെയുള്ള 117 സീറ്റുകളിൽ ബിജെപിക്ക് രണ്ടും അകാലിദളിന് മൂന്നും സീറ്റുകൾ മാത്രമാണ് നേടാനായത്. അതേസമയം, ആം ആദ്മി പാർട്ടി വൻ വിജയം നേടി അധികാരത്തിലെത്തി. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഇരുപാർട്ടികളും വേറിട്ട വഴികളിലായിരുന്നു.

എന്നാൽ 2027-ലെ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപിയും അകാലിദളും വീണ്ടും അടുക്കുന്നതിന്റെ സൂചനകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും സുഖ്ബീർ സിങ് ബാദലും തമ്മിൽ പാർലമെന്റിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെ സഖ്യസാധ്യതകൾ വീണ്ടും സജീവമായി. പഞ്ചാബിൽ എൻഡിഎ സർക്കാർ അധികാരത്തിലെത്തുമെന്ന അമിത് ഷായുടെ പ്രസ്താവനയും രാഷ്ട്രീയ ചർച്ചകൾക്ക് വേഗം കൂട്ടി.

അതേസമയം, സഖ്യനീക്കത്തോട് ബിജെപിക്കുള്ളിൽ തന്നെ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. അകാലിദളുമായി വീണ്ടും സഖ്യമുണ്ടാക്കുന്നതിനെ പഴയ ബിജെപി നേതാക്കളിൽ ഒരു വിഭാഗം എതിർക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. അകാലിദളിനൊപ്പം മത്സരിച്ചിരുന്ന കാലത്ത് ബിജെപിക്ക് പരിമിതമായ സീറ്റ് വിഹിതം മാത്രമായിരുന്നു ലഭിച്ചിരുന്നത്. ഇത്തവണ കൂടുതൽ സീറ്റുകൾ നേടി പഞ്ചാബിൽ സ്വന്തം രാഷ്ട്രീയ അടിത്തറ വിപുലീകരിക്കണമെന്നാണ് ബിജെപിയിലെ ഒരു വിഭാഗത്തിന്റെ നിലപാട്.

പഞ്ചാബിലെ ലഹരിമരുന്ന് വ്യാപനം, ക്രമസമാധാന പ്രശ്നങ്ങൾ, കർഷക രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങൾ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ നിർണായകമാകും. ഭരണത്തിലുള്ള ആം ആദ്മി പാർട്ടിയെ നേരിടാൻ പഴയ രാഷ്ട്രീയ പങ്കാളിത്തം പുനഃസ്ഥാപിക്കുന്നത് ഇരുപാർട്ടികൾക്കും ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. എന്നാൽ സീറ്റ് വിഭജനത്തിലെ തർക്കങ്ങളും ബിജെപിക്കുള്ളിലെ എതിർപ്പുകളും പുതിയ സഖ്യത്തിന് മുന്നിലുള്ള വെല്ലുവിളികളാണ്.

ആറ് വർഷം മുമ്പ് കാർഷിക നിയമങ്ങളുടെ പേരിൽ വഴിപിരിഞ്ഞവർ വീണ്ടും ഒന്നിക്കുമ്പോൾ പഞ്ചാബിന്റെ രാഷ്ട്രീയ സമവാക്യങ്ങളിൽ വലിയ മാറ്റമുണ്ടാകുമോ എന്നതാണ് ഇനി അറിയേണ്ടത്. സഖ്യപ്രഖ്യാപനത്തിനൊപ്പം സീറ്റ് വിഭജനത്തിലും വ്യക്തത വരുമോയെന്ന് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *