കൊച്ചി: ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മൾട്ടി സ്റ്റാർ ചിത്രമാണ് ‘അതിരടി. മെയ് 14 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ഒരു മാസ്സ് കോമഡി ക്യാമ്പസ് ആക്ഷൻ എന്റെർറ്റൈനെർ ആയൊരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് ഡോ. അനന്തു എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ഡോ. അനന്തു എസും, ബേസിൽ ജോസഫ് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ബേസിൽ ജോസഫും ചേർന്നാണ്. നവാഗതനായ അരുൺ അനിരുദ്ധൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകനും ഛായാഗ്രാഹകനുമായ സമീർ താഹിറും ടൊവിനോ തോമസും ആണ് ചിത്രത്തിന്റെ കോ-പ്രൊഡ്യൂസർമാർ.
നേരത്തെ ചിത്രത്തിലെ ക്യാരക്ടർ പോസ്റ്ററുകൾ പുറത്തു വിട്ടിരുന്നു. സാം ബോയ് എന്ന് വിളിപ്പേരുള്ള ഒരു കോളേജ് വിദ്യാർത്ഥിയായാണ് ബേസിൽ ഈ ചിത്രത്തിലഭിനയിക്കുന്നത്. ശ്രീക്കുട്ടൻ വെള്ളായണി എന്ന ഗായകനായി ടോവിനോ തോമസ് എത്തുമ്പോൾ, വിനീത് ശ്രീനിവാസൻ ആയി തന്നെയാണ് വിനീത് ചിത്രത്തിൽ വേഷമിടുന്നത്. ചിത്രത്തിലെ നായികയായ റിയ ഷിബുവിന്റെ കഥാപാത്രത്തിന്റെ പേര് സ്വാതി ആർ കൃഷ്ണ എന്നാണ്. സംഗീത സംവിധായകൻ ഷാൻ റഹ്മാനും ചിത്രത്തിൽ വേഷമിടുന്നുണ്ട് എന്ന് ക്യാരക്ടർ പോസ്റ്റർ സൂചിപ്പിക്കുന്നു.
