കൊച്ചി: കുഞ്ചാക്കോ ബോബൻ നായകനായ മലയാള ചിത്രം ‘ഓഫിസർ ഓൺ ഡ്യൂട്ടി’യിൽ യഥാർഥ വ്യക്തിയുടെ മൊബൈൽ നമ്പർ അനുമതിയില്ലാതെ പ്രദർശിപ്പിച്ചെന്ന പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്താൻ കോടതി നിർദേശം. സിനിമയിൽ നമ്പർ പ്രത്യക്ഷപ്പെട്ടതിനു പിന്നാലെ പാകിസ്ഥാൻ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്നടക്കം നിരന്തരം കോളുകളും സന്ദേശങ്ങളും ലഭിച്ചെന്ന കണ്ണൂർ സ്വദേശിയുടെ പരാതിയിലാണ് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ നടപടി.
സിനിമയിലെ ഒരു രംഗത്തിൽ വനിതാ ഡോക്ടറുടെ ഫോൺ നമ്പറായാണ് പരാതിക്കാരന്റെ വ്യക്തിഗത നമ്പർ കാണിച്ചിരുന്നത്. ചിത്രം തിയേറ്ററുകളിലും പിന്നീട് ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സിലും എത്തിയതോടെ ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നും നിരവധി കോളുകളും സന്ദേശങ്ങളും ലഭിച്ചുതുടങ്ങിയെന്നാണ് പരാതി. നമ്പർ ഒരു സ്ത്രീയുടേതാണെന്ന് കരുതിയാണ് പലരും ബന്ധപ്പെട്ടതെന്നും ചിലർ അശ്ലീലവും അധിക്ഷേപകരവുമായ സന്ദേശങ്ങൾ അയച്ചെന്നും പരാതിക്കാരൻ കോടതിയെ അറിയിച്ചു.
പാകിസ്ഥാൻ, ബംഗ്ലാദേശ്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നടക്കം കോളുകൾ എത്തിയതായാണ് റിപ്പോർട്ട്. തുടർച്ചയായ ഫോൺവിളികളും സന്ദേശങ്ങളും മാനസിക ബുദ്ധിമുട്ടിനും അപമാനത്തിനും കാരണമായെന്നും തന്റെ സ്വകാര്യതയും വ്യക്തിജീവിതവും ബാധിച്ചെന്നും പരാതിയിൽ പറയുന്നു. ബാങ്ക് അക്കൗണ്ടുകളും ആധാർ, പാൻ ഉൾപ്പെടെയുള്ള രേഖകളും ഈ നമ്പറുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ നമ്പർ മാറ്റുന്നതും എളുപ്പമല്ലെന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടി.
സിനിമകളിൽ ഇത്തരം രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ ഡമ്മി നമ്പർ ഉപയോഗിക്കേണ്ടതിനു പകരം യഥാർഥ വ്യക്തിയുടെ നമ്പർ ഉപയോഗിച്ചത് ഗുരുതരമായ വീഴ്ചയാണെന്നാണ് പരാതിക്കാരന്റെ വാദം. സൈബർ സെല്ലിനെ സമീപിച്ചിട്ടും നിർമാതാക്കളുടെ ഭാഗത്തുനിന്ന് ഫലപ്രദമായ നടപടി ഉണ്ടായില്ലെന്നും അദ്ദേഹം ആരോപിച്ചു.
ചിത്രത്തിന്റെ നിർമാതാവ് മാർട്ടിൻ പ്രക്കാട്ട്, സഹനിർമാതാക്കളായ സിബി ചാവറ, രഞ്ജിത് നായർ, നെറ്റ്ഫ്ലിക്സ്, സീ എന്റർടെയ്ൻമെന്റ്, മെറ്റ, വാട്സ്ആപ്പ് തുടങ്ങിയവരെയും പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിവരസാങ്കേതിക നിയമത്തിലെ വ്യക്തിവിവര മോഷണം, ആൾമാറാട്ടം തുടങ്ങിയ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ നിലനിൽക്കുമെന്നാണ് പരാതിക്കാരന്റെ വാദം.
നേരത്തെ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ പൊലീസ് സിനിമ പരിശോധിച്ച് നമ്പർ ദൃശ്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു. എന്നാൽ അന്വേഷണ റിപ്പോർട്ടിൽ തൃപ്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരൻ വീണ്ടും കോടതിയെ സമീപിച്ചത്. തുടർന്ന് നവംബർ 21ന് പരാതി എറണാകുളം സെൻട്രൽ പൊലീസിന് കൈമാറിയ കോടതി, കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ നിർദേശിക്കുകയായിരുന്നു.
പരാതിയിലെ ആരോപണങ്ങൾ അന്വേഷണത്തിലൂടെ പരിശോധിക്കപ്പെടേണ്ടതുണ്ട്. സിനിമയുടെ അണിയറപ്രവർത്തകരുടെ ഭാഗത്തുനിന്ന് മനഃപൂർവമായ വീഴ്ചയുണ്ടായിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങൾ ഇനി പൊലീസ് അന്വേഷണത്തിൽ വ്യക്തമാകും.
