തിരുപ്പരങ്കുൺട്രം ദീപം തെളിക്കൽ വിവാദം; തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ അറസ്റ്റിൽ

മധുര: കാർത്തിക ദീപം തെളിക്കൽ ചടങ്ങുമായി ബന്ധപ്പെട്ട വിവാദം തമിഴ്നാട്ടിൽ രാഷ്ട്രീയ സംഘർഷത്തിലേക്ക്. തിരുപ്പരങ്കുൺട്രം മലയിലേക്ക് പോകാൻ ശ്രമിച്ച തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുനെൽവേലിയിൽ നിന്ന് അനുയായികളോടൊപ്പം മധുരയിലേക്ക് പുറപ്പെട്ട അദ്ദേഹത്തെ വഴിമധ്യേ തഴയൂത്ത് ചെക്ക്പോസ്റ്റിന് സമീപം പൊലീസ് തടയുകയായിരുന്നു. നേരത്തെ നൈനാർ നാഗേന്ദ്രനെ വീട്ടുതടങ്കലിലാക്കിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു

തിരുപ്പരങ്കുൺട്രം മലമുകളിലെ ദീപത്തൂണിൽ കാർത്തിക ദീപം തെളിയിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് ബിജെപി നേതാക്കൾ സ്ഥലത്തെത്താൻ ശ്രമിച്ചത്. നവംബർ 24ന് ദീപത്തൂണിൽ ദീപം തെളിയിക്കാൻ ഒറ്റത്തവണ അനുമതി നൽകിക്കൊണ്ട് നവംബർ 20നാണ് സുപ്രീംകോടതി ഉത്തരവിട്ടത്. ക്ഷേത്ര ഭരണസമിതി അധികാരപ്പെടുത്തിയ പരിമിതമായ സംഘത്തിന്റെ നേതൃത്വത്തിൽ കർശന സുരക്ഷാ വ്യവസ്ഥകളോടെയായിരിക്കണം ചടങ്ങെന്നും കോടതി വ്യക്തമാക്കിയിരുന്നു.

എന്നാൽ സുപ്രീംകോടതി ഉത്തരവിനെതിരെ തമിഴ്നാട് സർക്കാർ പുനഃപരിശോധനാ ഹർജി നൽകിയിരുന്നു. ഇതിനിടെയാണ് മധുര ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും തിരുപ്പരങ്കുൺട്രം മലയുടെ പരിസരത്ത് സുരക്ഷ ശക്തമാക്കുകയും ചെയ്തത്. പൊതുയോഗങ്ങൾക്കും റാലികൾക്കും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. പ്രദേശത്ത് ഡ്രോൺ പറത്തുന്നതിനും വിലക്കുണ്ട്. ആയിരക്കണക്കിന് പൊലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്.

താൻ തിരുപ്പരങ്കുൺട്രം ക്ഷേത്രത്തിലേക്കല്ല, മധുര മീനാക്ഷി അമ്മൻ ക്ഷേത്രത്തിലേക്കാണ് പോകുന്നതെന്ന് പൊലീസിനോട് അറിയിച്ചിരുന്നതായും നൈനാർ നാഗേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ നിരോധനാജ്ഞ നിലനിൽക്കുന്നതിനാൽ യാത്ര അനുവദിക്കാനാകില്ലെന്നാണ് പൊലീസ് അറിയിച്ചതെന്നും അദ്ദേഹം ആരോപിച്ചു. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതിൽ സർക്കാർ വീഴ്ച വരുത്തുകയാണെന്നും ബിജെപി അധ്യക്ഷൻ വിമർശിച്ചു

തിരുപ്പരങ്കുൺട്രം മലമുകളിലെ ദീപത്തൂണിന് സമീപം സിക്കന്ദർ ബാദുഷ ദർഗ സ്ഥിതി ചെയ്യുന്നതാണ് തർക്കത്തിന്റെ പ്രധാന പശ്ചാത്തലം. ദീപം തെളിയിക്കേണ്ട സ്ഥലം സംബന്ധിച്ച് ക്ഷേത്രവിഭാഗങ്ങളും സർക്കാരും തമ്മിലുള്ള നിയമതർക്കം നേരത്തേ തന്നെ നിലനിന്നിരുന്നു. ഇപ്പോൾ സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവോടെ വിഷയം വീണ്ടും രാഷ്ട്രീയ ചർച്ചയാകുകയാണ്. ഈ വർഷത്തേക്കുള്ള ഒറ്റത്തവണ അനുമതി മാത്രമാണ് കോടതി നൽകിയിട്ടുള്ളത്. സ്ഥലത്തെ സ്ഥിരമായ ആചാരാവകാശമോ ഉടമസ്ഥാവകാശമോ ഇതിലൂടെ സ്ഥാപിക്കപ്പെടുന്നില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

നൈനാർ നാഗേന്ദ്രന്റെ അറസ്റ്റിനെതിരെ ബിജെപി രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, നിയമസമാധാനം ഉറപ്പാക്കുന്നതിനാണ് നിയന്ത്രണങ്ങളെന്നാണ് അധികൃതരുടെ നിലപാട്. ദീപം തെളിയിക്കൽ ചടങ്ങ് നടക്കുമോ, സുപ്രീംകോടതി ഉത്തരവ് എങ്ങനെ നടപ്പാക്കും എന്നതിലാണ് ഇനി ശ്രദ്ധ.

Leave a Reply

Your email address will not be published. Required fields are marked *