‘ഞങ്ങൾ യാചകരല്ല’; ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് ഇമ്രാൻ മസൂദ്; സീറ്റ് വിഭജനത്തിൽ തർക്കം

ലഖ്‌നൗ: ഉത്തർപ്രദേശിൽ 2027ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസും സമാജ്‌വാദി പാർട്ടിയും തമ്മിലുള്ള സീറ്റ് വിഭജന ചർച്ചകൾ തർക്കത്തിലേക്ക്. സമാജ്‌വാദി പാർട്ടി ഏകപക്ഷീയമായി സ്ഥാനാർഥികളെ പ്രഖ്യാപിച്ചതിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് എംപി ഇമ്രാൻ മസൂദ് രംഗത്തെത്തി. സീറ്റ് ചോദിച്ച് തങ്ങൾ യാചകരായി നിൽക്കുകയല്ലെന്നും സഖ്യത്തിൽ പരസ്പര ബഹുമാനവും സഹകരണവുമാണ് വേണ്ടതെന്നും അദ്ദേഹം തുറന്നടിച്ചു.

കോൺഗ്രസുമായി സീറ്റ് വിഭജന ചർച്ചകൾ തുടരുന്നതിനിടെയാണ് സമാജ്‌വാദി പാർട്ടി അഞ്ച് മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ഇതാണ് കോൺഗ്രസിനെ ചൊടിപ്പിച്ചത്. സഹരൻപൂർ മണ്ഡലത്തിലെ ഇമ്രാൻ മസൂദിന്റെ രാഷ്ട്രീയ താൽപര്യങ്ങളെയും പ്രഖ്യാപനം ബാധിക്കുന്നുണ്ട്. സഹരൻപൂരിലും ബേഹട്ടിലും കോൺഗ്രസ് സ്ഥാനാർഥികളെ മത്സരിപ്പിക്കാൻ ആഗ്രഹിക്കുന്നതിനിടെയാണ് എസ്‌പിയുടെ പ്രഖ്യാപനം.

403 സീറ്റുകളുള്ള ഉത്തർപ്രദേശ് നിയമസഭയിൽ 26 സീറ്റുകളാണ് സമാജ്‌വാദി പാർട്ടി കോൺഗ്രസിന് മുന്നോട്ടുവെച്ചത്. നേരത്തെ 181 സീറ്റുകൾ ആവശ്യപ്പെട്ടിരുന്ന കോൺഗ്രസ് പിന്നീട് ആവശ്യം കുറച്ചിരുന്നു. എന്നാൽ എസ്‌പിയുടെ നിർദേശം അംഗീകരിച്ചിട്ടില്ല. സീറ്റ് വിഭജനത്തിൽ ധാരണയിലെത്താനാകാതെ വന്നതോടെ പ്രതിപക്ഷ സഖ്യത്തിനുള്ളിലെ അസ്വാരസ്യങ്ങളും പുറത്തുവന്നിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *