ബല്ലിയ: ഉത്തർപ്രദേശിലെ ബല്ലിയയിൽ സ്ത്രീധനത്തിന്റെ പേരിൽ 32കാരിയെ ഭർത്താവും ഭർതൃവീട്ടുകാരും ചേർന്ന് കൊലപ്പെടുത്തിയെന്ന് ആരോപണം. സംഭവത്തിൽ ഭർത്താവ് ശശി പ്രകാശ് റായിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കോടതിയിൽ ഹാജരാക്കി ജയിലിലേക്ക് അയച്ചു.
മാൽദിപുർ ഗ്രാമത്തിൽ നവംബർ 21നാണ് പ്രിയങ്ക റായിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബൈക്ക് സ്ത്രീധനമായി ആവശ്യപ്പെട്ട് വിവാഹം കഴിഞ്ഞതുമുതൽ ഭർതൃവീട്ടുകാർ പ്രിയങ്കയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായി പിതാവ് നൽകിയ പരാതിയിൽ പറയുന്നു.
രണ്ടര മാസം മുമ്പ് പെൺകുഞ്ഞിന് ജന്മം നൽകിയതിനു പിന്നാലെ പീഡനം വർധിച്ചെന്നും പരാതിയിലുണ്ട്. സംഭവദിവസം പിതാവിനെ ഫോണിൽ വിളിച്ച് ബൈക്കിന്റെ ആവശ്യം നിറവേറ്റിയില്ലെങ്കിൽ ഭർതൃവീട്ടുകാർ തന്നെ കൊല്ലുമെന്ന് പ്രിയങ്ക അറിയിച്ചിരുന്നതായും പരാതിയിൽ പറയുന്നു.
ഭർത്താവിനും ഭർതൃവീട്ടിലെ മറ്റ് നാല് പേർക്കുമെതിരെ സ്ത്രീധന നിരോധന നിയമം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. കേസിലെ മറ്റ് പ്രതികൾ ഒളിവിലാണെന്നും ഇവർക്കായി തിരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
