‘ആരൊക്കെയാണ് ആരെന്ന് എല്ലാവർക്കും അറിയാം’; യുപിയിൽ 2027ലെ മുഖ്യമന്ത്രി സ്ഥാനാർഥി ചർച്ചയിൽ യോഗി ആദിത്യനാഥിന്റെ പ്രതികരണം

ലഖ്‌നൗ: 2027ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ആരായിരിക്കും? ചർച്ചകൾക്കിടെ പരോക്ഷ മറുപടിയുമായി നിലവിലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബിജെപിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ താമരയാണ് വ്യക്തികളേക്കാൾ വലുതെന്നും ആരൊക്കെയാണ് ആരെന്ന് എല്ലാവർക്കും അറിയാമെന്നുമായിരുന്നു യോഗിയുടെ പ്രതികരണം.

എബിപി ന്യൂസ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പിൽ താനടക്കം ബിജെപിയുടെ എല്ലാ സ്ഥാനാർഥികളും താമര ചിഹ്നത്തിലാണ് മത്സരിക്കുകയെന്നും പാർട്ടിയുടെ ചിഹ്നത്തിനാണ് പ്രാധാന്യമെന്നും യോഗി വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനാർഥിയായി തന്നെ ഉയർത്തിക്കാട്ടുമോ എന്ന ചോദ്യത്തിനായിരുന്നു ഈ മറുപടി.

അതേസമയം, ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ സമീപകാല പരാമർശങ്ങളാണ് ഈ ചർച്ചയ്ക്ക് പിന്നിൽ. 2027ലെ തിരഞ്ഞെടുപ്പിൽ ബിജെപി ഒരു നേതാവിന്റെ മുഖം മുൻനിർത്തിയല്ല, പാർട്ടിയുടെ താമര ചിഹ്നത്തിലാണ് വോട്ട് തേടുകയെന്നായിരുന്നു മൗര്യയുടെ നിലപാട്. തിരഞ്ഞെടുപ്പിന് ശേഷം വിജയിച്ച എംഎൽഎമാരും കേന്ദ്ര നേതൃത്വവും ചേർന്നാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. യോഗി ആദിത്യനാഥ് തന്നെയാകാം, മറ്റൊരാളാകാം അടുത്ത മുഖ്യമന്ത്രിയെന്നും മൗര്യ കൂട്ടിച്ചേർത്തു.

യോഗിയും മൗര്യയും നടത്തിയ പ്രസ്താവനകൾക്കു പിന്നാലെ ബിജെപിക്കുള്ളിലെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകൾ വീണ്ടും സജീവമായിരിക്കുകയാണ്. എന്നാൽ യോഗിയുടെ പ്രതികരണം സ്ഥാനാർഥിത്വം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമല്ല.

Leave a Reply

Your email address will not be published. Required fields are marked *