പ്രണബ് മുഖർജി പറഞ്ഞിട്ടാണ് ബിജെപിയിലെത്തിയത്

കൊൽക്കത്ത: ബിജെപിയിലേക്കുള്ള തന്റെ രാഷ്ട്രീയ മാറ്റത്തിന് പിന്നിൽ മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ഉപദേശമുണ്ടായിരുന്നുവെന്ന വെളിപ്പെടുത്തലുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി. തൃണമൂൽ കോൺഗ്രസ് വിട്ട് ബിജെപിയിലെത്താനുള്ള തീരുമാനത്തിന് പിന്നിലെ കാരണങ്ങൾ തുറന്നുപറഞ്ഞിരിക്കുകയാണ് അദ്ദേഹം.

കൊൽക്കത്തയിൽ നടന്ന ഇക്കണോമിക് ടൈംസ് ബെംഗാൾ അസെൻഡ്സ് പരിപാടിയിലായിരുന്നു സുവേന്ദു അധികാരിയുടെ വെളിപ്പെടുത്തൽ. പ്രണബ് മുഖർജി രാഷ്ട്രപതിയായിരുന്ന സമയത്ത് രാഷ്ട്രപതി ഭവനിൽ വെച്ച് അദ്ദേഹത്തെ സന്ദർശിച്ചപ്പോഴാണ് ഈ ഉപദേശം ലഭിച്ചതെന്നാണ് സുവേന്ദു പറയുന്നത്.

തൃണമൂൽ കോൺഗ്രസിൽ തുടരുകയാണെങ്കിൽ ഒരു ജീവനക്കാരനെപ്പോലെ മാത്രം നിൽക്കേണ്ടിവരുമെന്നും സ്വന്തം രാഷ്ട്രീയ വളർച്ചയാണ് ആഗ്രഹിക്കുന്നതെങ്കിൽ നരേന്ദ്ര മോദിക്കൊപ്പം നിൽക്കണമെന്നുമാണ് പ്രണബ് മുഖർജി ഉപദേശിച്ചതെന്ന് സുവേന്ദു വെളിപ്പെടുത്തി.

മമത ബാനർജിയും അനന്തരവൻ അഭിഷേക് ബാനർജിയും ചേർന്ന് നിയന്ത്രിക്കുന്ന പാർട്ടി ഒരു സ്വകാര്യ കമ്പനി പോലെയാണെന്ന വിമർശനവും അദ്ദേഹം ഉന്നയിച്ചു. അവിടെ ഒരു ജീവനക്കാരനായി തുടരാൻ താൽപര്യമില്ലാത്തതിനാലാണ് പാർട്ടി വിട്ടതെന്നും സുവേന്ദു വ്യക്തമാക്കി.

അതേസമയം, പ്രണബ് മുഖർജിയുമായുള്ള സംഭാഷണത്തിന്റെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല. പ്രണബ് മുഖർജി ഇന്ന് ജീവിച്ചിരിപ്പില്ലെന്നും ഈ വിഷയം അനാവശ്യ വിവാദങ്ങൾക്ക് കാരണമാകാൻ താൽപര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

2020 ഡിസംബറിലാണ് സുവേന്ദു അധികാരി തൃണമൂൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. പിന്നീട് 2021-ൽ നന്ദിഗ്രാമിൽ മമത ബാനർജിയെ പരാജയപ്പെടുത്തുകയും ചെയ്തു. ഈ വെളിപ്പെടുത്തൽ ഇപ്പോൾ ബംഗാൾ രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *