ലഖ്നൗ: 2027 ൽ നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞടുപ്പിന് മുന്നോടിയായി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശവുമായി സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഓരോ പ്രവര്‍ത്തനവും സൂക്ഷ്മമായി നിരീക്ഷിക്കാനും വോട്ടര്‍ പട്ടികയില്‍ കൃത്രിമം നടക്കുന്നില്ലെന്ന് ഉറപ്പാക്കാനുമാണ് അദ്ദേഹം പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിരിക്കുന്നത്. കനൗജ് ഉള്‍പ്പടെയുള്ള ഉത്തര്‍പ്രദേശിലെ എല്ലാ മണ്ഡലത്തിലും തെരഞഞ്ഞെടെുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കണമെന്നും തെളിവുകള്‍ ശേഖരിക്കണമെന്നും പാര്‍ട്ടിയുടെ ‘പിഡിഎ പോരാളികളോട്’ അഖിലേഷ് ആഹ്വാനം ചെയ്തു.
‘ഒരു വ്യാജ വോട്ടും ചേര്‍ക്കപ്പെടരുത്, ഒരു യഥാര്‍ത്ഥ വോട്ടും നീക്കം ചെയ്യപ്പെടരുത്!’ എന്നീ രണ്ട് കാര്യങ്ങളാണ് വോട്ടര്‍ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രവര്‍ത്തകരോട് പറഞ്ഞു. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ വിശ്വാസ്യതയെക്കുറിച്ചുള്ള പൊതുജനങ്ങളുടെ സംശയങ്ങള്‍ ചൂണ്ടിക്കാണിച്ച അഖിലേഷ് യാദവ്, ഭരണപക്ഷത്തിന്റെ ഇരട്ടത്താപ്പിനെയും വിമര്‍ശിച്ചു. വാക്കും പ്രവൃത്തിയും രണ്ടായിരിക്കുക, മറ്റുള്ളവര്‍ക്കുമുന്നില്‍ ഒരു മുഖം കാണിക്കുകയും യഥാര്‍ഥത്തില്‍ തികച്ചും വ്യത്യസ്തമായി പെരുമാറുകയും ചെയ്യുക എന്നതാണ് സര്‍ക്കാരിന്റെ രീതിയെന്നും അദ്ദേഹം വിമര്‍ശിച്ചു.
ചണ്ഡീഗഡ് മേയര്‍ തിരഞ്ഞെടുപ്പിലെ വിവാദ സംഭവവികാസങ്ങള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ട്, ബിജെപിയുടെ ‘ചണ്ഡീഗഡ് തന്ത്രം’ ജനങ്ങള്‍ക്ക് വ്യക്തമായി അറിയാമെന്നും ഇത്തരം രാഷ്ട്രീയ തന്ത്രങ്ങള്‍ മനസ്സിലാക്കാനുള്ള വിവേകം ജനങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2024ലെ ചണ്ഡീഗഢ് മേയര്‍ തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരം ഉറപ്പിക്കാന്‍ നടത്തിയ നീക്കത്തെയാണ് ‘ചണ്ഡീഗഢ് ട്രിക്ക്’ എന്ന് വിശേഷിപ്പിക്കുന്നത്. തെരഞ്ഞെടുപ്പില്‍ എഎപി-കോണ്‍ഗ്രസ് സഖ്യത്തിന്റെ സ്ഥാനാര്‍ഥി കുല്‍ദീപ് കുമാറിന് ലഭിച്ച എട്ട് വോട്ടുകള്‍ വരണാധികാരി അനില്‍ മസിഹ് അസാധുവാക്കിയതോടെ ബിജെപിയുടെ മനോജ് സോന്‍കര്‍ വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.
എന്നാല്‍, ബാലറ്റുകള്‍ പരിശോധിച്ച സുപ്രീം കോടതി, വരണാധികാരി തന്നെയാണ് ഈ എട്ട് ബാലറ്റുകളിലും അടയാളങ്ങള്‍ വരച്ച് അവ അസാധുവാക്കാന്‍ ശ്രമിച്ചതെന്ന് കണ്ടെത്തി. യഥാര്‍ഥത്തില്‍ കുല്‍ദീപ് കുമാറിന് 20 വോട്ടുകള്‍ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം തന്നെയാണ് വിജയിയെന്നും കോടതി പ്രഖ്യാപിച്ചു. ഇതോടെ ബിജെപിയുടെ വിജയം റദ്ദാക്കുകയും ചെയ്തു. ഇതിനെ പരാമര്‍ശിച്ചുകൊണ്ടാണ് അഖിലേഷ് ബിജെപിയെയും യോഗി ആദിത്യനാഥിനെയും കടന്നാക്രമിച്ചത്.
