കോടതിയിലെത്തിയ പ്രതിക്ക് നേരെ വെട്ടും വെടിയും


പൂനെ: സുരക്ഷാ സംവിധാനങ്ങൾക്കിടയിലും കോടതിക്ക് മുന്നിൽ പട്ടാപ്പകൽ ക്രൂരമായ ആക്രമണം! കൊലക്കേസ് പ്രതിയെ കോടതിക്ക് പുറത്ത് വെട്ടുകയും വെടിവെക്കുകയും ചെയ്തു. മഹാരാഷ്ട്രയിലെ പുനെയിലുള്ള ശിവാജിനഗർ കോടതിക്ക് സമീപമാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.

കൊലക്കേസ് പ്രതിയായ മന്ദർ മാരുതി കിവാലെയാണ് ആക്രമണത്തിന് ഇരയായത്. കോടതിയിൽ ഹാജരാകുന്നതിനായി എത്തിയപ്പോഴായിരുന്നു ആക്രമണം. രണ്ട് ബൈക്കുകളിലായി എത്തിയ ആറംഗ സംഘമാണ് ഇയാളെ ആക്രമിച്ചതെന്നാണ് റിപ്പോർട്ട്.

ആദ്യം വടിവാൾ ഉപയോഗിച്ച് തുടർച്ചയായി വെട്ടുകയായിരുന്നു. പിന്നാലെ വെടിയുതിർക്കുകയും ചെയ്തു. ആക്രമണത്തിന് ശേഷം പ്രതികൾ സ്കൂട്ടറുകളിൽ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ കിവാലെയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഇയാളുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

2025ൽ സുഭാഷ് ചവാൻ എന്നയാളെ കൊലപ്പെടുത്തിയ കേസിൽ ജയിൽശിക്ഷ അനുഭവിച്ചയാളാണ് കിവാലെ. നാല് ദിവസം മുമ്പാണ് ഇയാൾക്ക് ജാമ്യം ലഭിച്ചത്. ഇതിന് പിന്നാലെ നടപടിക്രമങ്ങളുടെ ഭാഗമായി കോടതിയിലെത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്.

സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ആക്രമണത്തിന് പിന്നിലെ കാരണം എന്താണെന്നും ഇതിന് പിന്നിൽ കൂടുതൽ ആളുകളുടെ പങ്കുണ്ടോയെന്നും കണ്ടെത്താനുള്ള അന്വേഷണം നിർണായകമാണ്. കോടതിക്ക് മുന്നിൽ നടന്ന ഈ ആക്രമണം നഗരത്തിലെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചും വലിയ ചോദ്യങ്ങളാണ് ഉയർത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *