ന്യൂഡൽഹി: തിരുപ്പരങ്കുണ്ട്രം മലമുകളിലെ ദീപത്തൂൺ തൂണിൽ കാർത്തിക ദീപം തെളിയിക്കാത്തതിൽ സുപ്രീംകോടതിയിൽ ആത്മാർത്ഥമായി ക്ഷമാപണം നടത്തി തമിഴ്നാട് സർക്കാർ. നവംബർ 20-ന് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം നവംബർ 24-ന് ദീപത്തൂണിൽ വിളക്ക് തെളിയിക്കേണ്ടതായിരുന്നു. എന്നാൽ നിർദേശിച്ച സ്ഥലത്ത് വിളക്ക് തെളിയിക്കാൻ കഴിഞ്ഞില്ല.
മധുര ജില്ലാ കളക്ടർ നിഷാന്ത് കൃഷ്ണയാണ് സുപ്രീംകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ക്ഷമാപണം നടത്തിയത്. കോടതി ഉത്തരവ് നടപ്പാക്കാൻ ജില്ലാ ഭരണകൂടം എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയിരുന്നുവെന്നും എന്നാൽ വിളക്ക് തെളിയിക്കേണ്ട സംഘത്തിന് ക്ഷേത്രത്തിലെ ട്രസ്റ്റി ബോർഡ് അനുമതി നൽകിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പകരം പതിവുപോലെ ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിന് സമീപമുള്ള ദീപമണ്ഡപത്തിൽ വിളക്ക് തെളിയിക്കാനാണ് ട്രസ്റ്റി ബോർഡ് തീരുമാനിച്ചതെന്നും സർക്കാർ വിശദീകരിച്ചു.
കോടതി ഉത്തരവ് മനഃപൂർവം ലംഘിച്ചിട്ടില്ലെന്നും ഉത്തരവിനെ മാനിക്കുന്നുവെന്നും കളക്ടർ വ്യക്തമാക്കി. ദീപത്തൂണിൽ വിളക്ക് തെളിയിക്കാനാകാത്തതിൽ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നതായും അദ്ദേഹം കോടതിയെ അറിയിച്ചു.
അതേസമയം, കോടതി ഉത്തരവ് മറികടക്കാൻ ആസൂത്രിത ശ്രമം നടന്നെന്നാണ് ഹർജിക്കാരുടെ ആരോപണം. സംഭവത്തിൽ സ്വമേധയാ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. എന്നാൽ ഔദ്യോഗികമായി ഹർജി സമർപ്പിച്ചാൽ പരിഗണിക്കാമെന്ന് ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, വിപുൽ എം. പഞ്ചോളി എന്നിവർ വ്യക്തമാക്കി. കോടതിയലക്ഷ്യ ഹർജികൾ ഉൾപ്പെടെയുള്ള അപേക്ഷകൾ ഒന്നോ രണ്ടോ ദിവസത്തിനകം പരിഗണിക്കാനും കോടതി തീരുമാനിച്ചിട്ടുണ്ട്.
ദീപത്തൂണിൽ വിളക്ക് തെളിയിക്കണമെന്ന ആവശ്യം, ക്ഷേത്രത്തിലെ ആചാരങ്ങളും സ്ഥലത്തിന്റെ അവകാശവുമായി ബന്ധപ്പെട്ട തർക്കം എന്നിവയാണ് വിവാദത്തിന്റെ കേന്ദ്രം. കേസിലെ പ്രധാന ഹർജി അടുത്ത വർഷം ജനുവരിയിൽ അന്തിമ വാദത്തിനായി പരിഗണിക്കാനാണ് സുപ്രീംകോടതി തീരുമാനിച്ചിരിക്കുന്നത്.
