ത്യശൂർ : തൃശൂർ മെഡിക്കൽ കോളേജിലെ ശുചിമുറിയിൽ രോഗിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പുതിയ വഴിത്തിരിവ്. ആശുപത്രി അധികൃതരുടെ വാദം തള്ളുന്നതാണ് പുറത്തുവന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പോസ്റ്റ്മോർട്ടത്തിന് 36 മുതൽ 72 മണിക്കൂർ മുമ്പാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. മൃതദേഹം കണ്ടെത്തുന്നതിന്റെ തലേദിവസവും ശുചിമുറി വൃത്തിയാക്കിയിരുന്നുവെന്നായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം.
എന്നാൽ മൃതദേഹം 36 മണിക്കൂറിലധികം ശുചിമുറിയിൽ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഹൃദയാഘാതമാണ് മരണകാരണമെന്നും റിപ്പോർട്ടിലുണ്ട്. ഈ മാസം 16ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച വയോധികനെ 19ന് കാണാതാവുകയും 21ന് ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ആശുപത്രിയിലെ നിരീക്ഷണ സംവിധാനങ്ങൾക്കെതിരെയും സംഭവത്തിൽ രൂക്ഷമായ വിമർശനം ഉയരുകയാണ്.
രോഗിയെ കാണാതായ വിവരം ആശുപത്രി അധികൃതർ തന്നെ പൊലീസിനെ അറിയിച്ചിരുന്നു. എന്നാൽ മൂന്ന് ദിവസത്തോളം രോഗി ആശുപത്രിക്കുള്ളിൽ ഉണ്ടായിട്ടും കണ്ടെത്താനാകാതിരുന്നത് വലിയ ചോദ്യങ്ങളാണ് ഉയർത്തുന്നത്. കൂടാതെ, കൂട്ടിരിപ്പുകാരില്ലാത്ത രോഗിയുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ആശുപത്രി അധികൃതർക്ക് വീഴ്ച സംഭവിച്ചോയെന്നും അന്വേഷിക്കേണ്ടതുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ സംഭവത്തിൽ കൂടുതൽ വ്യക്തത വരുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കളും നാട്ടുകാരും.
