തന്റെ സിനിമകൾക്ക് ലഭിക്കുന്ന മോശം അഭിപ്രായങ്ങളിൽ പ്രതികരണവുമായി നടൻ കുഞ്ചാക്കോ ബോബൻ. ബാച്ച്ലർ പാർട്ടി 2 മോശമാകണമെന്ന് കരുതിയല്ല ചെയ്തതെന്നും ഒരു സിനിമ എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടണമെന്നില്ലെന്നും താരം തുറന്നുപറഞ്ഞു. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് കുഞ്ചാക്കോ ബോബന്റെ പ്രതികരണം.
സൗഹൃദത്തിന്റെ പേരിലാണ് ബാച്ച്ലർ പാർട്ടി 2 സംഭവിച്ചതെന്നും സിനിമ ഇഷ്ടപ്പെട്ടതുകൊണ്ടും കഥാപാത്രങ്ങളോടുള്ള താൽപര്യം കൊണ്ടുമാണ് ഓരോ സിനിമയും ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ചില സിനിമകൾ ഇറങ്ങുന്ന സമയത്ത് പ്രേക്ഷകർക്ക് പൂർണമായി ഉൾക്കൊള്ളാൻ കഴിഞ്ഞെന്നുവരില്ലെന്നും താരം കൂട്ടിച്ചേർത്തു. ഇതിന് ഉദാഹരണമായി തന്റെ ചിറകൊടിഞ്ഞ കിനാവുകൾ എന്ന സിനിമയും അദ്ദേഹം ചൂണ്ടിക്കാട്ടി.
അന്ന് വേണ്ടത്ര ശ്രദ്ധിക്കപ്പെടാതിരുന്ന സിനിമ ഇന്ന് ചർച്ചയാകുന്നുണ്ടെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു. വിമർശനങ്ങളിൽ തളരാതെ പുതിയ രീതിയിലുള്ള സിനിമകളും പരീക്ഷണങ്ങളുമായി മുന്നോട്ടുപോകാനാണ് തന്റെ തീരുമാനമെന്നും താരം വ്യക്തമാക്കി. പുതിയ കാലത്തിനനുസരിച്ച് പ്രേക്ഷകരിലേക്ക് മികച്ച എന്റർടെയ്ൻമെന്റ് എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഹെയ്ൽ മേരി ഉൾപ്പെടെയുള്ള പുതിയ സിനിമകളും അത്തരത്തിലുള്ള പരീക്ഷണങ്ങളുടെ ഭാഗമാണെന്നും കുഞ്ചാക്കോ ബോബൻ കൂട്ടിച്ചേർത്തു. സിനിമകളെക്കുറിച്ചുള്ള അഭിപ്രായങ്ങൾ മാറിക്കൊണ്ടിരിക്കുമെന്നും ഓരോ ചിത്രത്തിനും അതിന്റേതായ സമയമുണ്ടെന്നും താരത്തിന്റെ വാക്കുകൾ വ്യക്തമാക്കുന്നു.
