യദു നാരായണനെ കസ്റ്റഡിയിലെടുക്കാനുള്ള പോലീസ് നീക്കം തടഞ്ഞ് ഡിജിറ്റൽ മീഡിയ അസോസിയേഷൻ; നടപടിക്കെതിരെ പ്രതിഷേധം

കൊച്ചി: ഓൺലൈൻ വാർത്താ ചാനലായ ‘ദി ജേർണലിസ്റ്റിന്റെ’ ചീഫ് എഡിറ്റർ യദു നാരായണനെ കസ്റ്റഡിയിലെടുക്കാനുള്ള കണ്ണൂർ പോലീസിന്റെ നീക്കത്തിനെതിരെ പ്രതിഷേധവുമായി ഡിജിറ്റൽ മീഡിയ അസോസിയേഷൻ (ഡിഎംഎ). ക്രൈം നന്ദകുമാറിന്റെ നേതൃത്വത്തിൽ അസോസിയേഷൻ ഭാരവാഹികളും മാധ്യമപ്രവർത്തകരും ഇടപെട്ടതോടെയാണ് പോലീസ് നടപടികൾ തടസ്സപ്പെട്ടത്.

കണ്ണൂർ ടൗൺ പോലീസിലെ മൂന്ന് ഉദ്യോഗസ്ഥർ പുലർച്ചെ യദു നാരായണന്റെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചെന്നാണ് ഡിഎംഎയുടെ വിശദീകരണം. വിവരമറിഞ്ഞെത്തിയ സംഘടനാ ഭാരവാഹികൾ മുൻകൂർ നോട്ടീസ് ഉൾപ്പെടെയുള്ള നിയമനടപടികൾ പാലിക്കാതെയുള്ള നീക്കത്തെ ചോദ്യം ചെയ്തു. നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെ അറസ്റ്റ് അനുവദിക്കില്ലെന്ന് മാധ്യമപ്രവർത്തകർ നിലപാടെടുത്തതോടെ പോലീസ് നീക്കം തടസ്സപ്പെട്ടു.

സംഭവത്തിൽ ഡിഎംഎ സംസ്ഥാന പ്രസിഡന്റ് ടി.പി. നന്ദകുമാർ കണ്ണൂർ എസ്.പിയുമായി സംസാരിച്ചു. പോലീസ് നടപടിക്രമങ്ങളിലുണ്ടായ വീഴ്ചയിൽ എസ്.പി ഖേദം പ്രകടിപ്പിച്ചതായി സംഘടന അറിയിച്ചു.

സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന കേസിൽ യദു നാരായണനെ മൂന്ന് മണിക്കൂറോളം നിയമവിരുദ്ധമായി കസ്റ്റഡിയിൽ വെച്ചെന്നാണ് ഡിഎംഎയുടെ ആരോപണം. നോട്ടീസോ സെർച്ച് വാറണ്ടോ ഇല്ലാതെ ‘ദി ജേർണലിസ്റ്റ്’ ഓഫീസിൽ പോലീസ് പ്രവേശിച്ചെന്നും സ്ഥാപനത്തിന്റെ പ്രവർത്തനം മണിക്കൂറുകളോളം തടസ്സപ്പെടുത്തിയെന്നും സംഘടന ആരോപിച്ചു. കോടതി നിർദേശങ്ങൾ പോലും പരിഗണിക്കാതെയുള്ള നടപടികൾ ആഭ്യന്തരവകുപ്പിന് അപമാനകരമാണെന്നും ഭാരവാഹികൾ വിമർശിച്ചു.

ഡിഎംഎയുടെ സംസ്ഥാന മീഡിയ കോർഡിനേറ്റർ കൂടിയാണ് യദു നാരായണൻ. സംഭവത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും നിവേദനം നൽകുമെന്ന് ടി.പി. നന്ദകുമാർ അറിയിച്ചു. ജനറൽ സെക്രട്ടറി പി.ആർ. സോംദേവ്, ട്രഷറർ എസ്. രോഹിത് എന്നിവരടക്കമുള്ള സംഘടനാ ഭാരവാഹികളും പ്രവർത്തകരും പ്രതിഷേധത്തിൽ പങ്കെടുത്തു.

മാധ്യമപ്രവർത്തകർക്കെതിരായ നിയമവിരുദ്ധ പോലീസ് നടപടികൾക്കെതിരെ ശക്തമായി രംഗത്തിറങ്ങുമെന്നും ഓൺലൈൻ മാധ്യമരംഗം സംഘടിതമായി ഇത്തരം നീക്കങ്ങളെ ചെറുക്കുമെന്നും ഡിജിറ്റൽ മീഡിയ അസോസിയേഷൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *