കണ്ണൂർ: കൊലവിളി പ്രസംഗവുമായി ബന്ധപ്പെട്ട് മുൻ MLAയും CPIM നേതാവുമായ ടി.ഐ. മധുസൂദനനെതിരെ പൊലീസ് കേസെടുത്തു. KSU നേതാവ് മുഹമ്മദ് ഷമ്മാസ് നൽകിയ പരാതിയിലാണ് നടപടി. കലാപാഹ്വാനം ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഭാരതീയ ന്യായ സംഹിതയിലെ 192, 351(3), 352 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.
പയ്യന്നൂരിൽ DYFI സംഘടിപ്പിച്ച കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണ പരിപാടിക്കിടെയായിരുന്നു വിവാദ പ്രസംഗം. ധനരാജ് വധക്കേസിലെ കോടതി വിധിയെ വിമർശിച്ചുകൊണ്ടുള്ള പ്രസംഗത്തിൽ കണക്കുകൾ തീർക്കുമെന്ന പരാമർശവും വലിയ വിവാദമായി. സംഭവത്തിൽ വിവിധ രാഷ്ട്രീയ നേതാക്കൾ വിമർശനവുമായി രംഗത്തെത്തിയിരുന്നു. പ്രസംഗം പൊലീസ് പരിശോധിക്കുകയാണെന്ന് ആഭ്യന്തരമന്ത്രി അറിയിച്ചിരുന്നു.
അതേസമയം, വിവാദ പ്രസംഗത്തെ CPIM ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് ന്യായീകരിച്ചിരുന്നു. പരാതിക്ക് പിന്നാലെയാണ് ഇപ്പോൾ മധുസൂദനനെതിരെ കേസെടുത്തിരിക്കുന്നത്. പ്രസംഗത്തിലെ പരാമർശങ്ങൾക്കെതിരെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം ഉയർന്നിരുന്നു. ഒരു മുൻ ജനപ്രതിനിധിയിൽ നിന്ന് ഇത്തരം പ്രസ്താവനകൾ ഉണ്ടാകാൻ പാടില്ലെന്ന വിമർശനവും ഉയർന്നു. അതേസമയം, പ്രസംഗത്തിന്റെ പശ്ചാത്തലവും സാഹചര്യവും പരിശോധിക്കണമെന്ന നിലപാടിലാണ് CPIM നേതൃത്വം. കേസിൽ പൊലീസ് അന്വേഷണം നടത്തി തുടർനടപടികൾ സ്വീകരിക്കുമെന്നാണ് വിവരം. കേസിൽ തുടർനടപടികൾ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ്.
