ലഖ്നൗ: ഉത്തർപ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസും സമാജ്വാദി പാർട്ടിയും തമ്മിലുള്ള സീറ്റ് വിഭജന ചർച്ചകൾക്കിടെ ഇന്ത്യാ മുന്നണിയിൽ ഭിന്നത രൂക്ഷമാകുന്നു. പരസ്യപ്രതികരണങ്ങൾ ഒഴിവാക്കി പ്രവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നിർദേശത്തിന് പിന്നാലെയും സമാജ്വാദി പാർട്ടിക്കെതിരെ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് എംപി ഇമ്രാൻ മസൂദ്.
സഖ്യകക്ഷിയെ അപമാനിക്കാനാണ് സമാജ്വാദി പാർട്ടി ശ്രമിക്കുന്നതെന്നാണ് മസൂദിന്റെ ആരോപണം. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആവശ്യമായ സീറ്റുകൾ കോൺഗ്രസിന് നൽകണമെന്നും സീറ്റുകളുടെ എണ്ണത്തിലും വിജയസാധ്യതയുള്ള മണ്ഡലങ്ങളുടെ കാര്യത്തിലും പാർട്ടിക്ക് പരിഗണന വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പദം സമാജ്വാദി പാർട്ടിക്ക് നൽകുന്നതിൽ തർക്കമില്ലെന്നും എന്നാൽ സഖ്യകക്ഷിയെ ചെറുതാക്കി കാണുന്നത് എന്തിനാണെന്നും മസൂദ് ചോദിച്ചു.
വ്യാഴാഴ്ച ലഖ്നൗവിൽ നടന്ന പരിപാടിയിലായിരുന്നു മസൂദിനോട് ഖാർഗെ പരസ്യമായി സംയമനം പാലിക്കാൻ ആവശ്യപ്പെട്ടത്. പ്രസ്താവനകളേക്കാൾ പ്രവർത്തനത്തിനാണ് പ്രാധാന്യം നൽകേണ്ടതെന്നും ഒന്നിച്ച് പ്രവർത്തിച്ചാൽ മാത്രമേ മുന്നേറാനാകൂവെന്നും ഖാർഗെ പറഞ്ഞു.
അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്വാദി പാർട്ടി അഞ്ച് സ്ഥാനാർഥികളുടെ പട്ടിക പുറത്തുവിട്ടതും തർക്കത്തിന് കാരണമായിട്ടുണ്ട്. സീറ്റ് ചർച്ചകൾ തുടരുന്നതിനിടെയാണ് പ്രഖ്യാപനം വന്നത്. സഹറൻപൂരിലെ രണ്ട് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളും പട്ടികയിലുണ്ട്. ഇമ്രാൻ മസൂദിന്റെ രാഷ്ട്രീയ സ്വാധീനമേഖലയായ സഹറൻപൂരിൽ കോൺഗ്രസിന്റെ അഭിപ്രായം പരിഗണിച്ചില്ലെന്നാണ് ആക്ഷേപം.
403 അംഗ ഉത്തർപ്രദേശ് നിയമസഭയിൽ കോൺഗ്രസിന് 120 സീറ്റുകൾ വേണമെന്നാണ് ആവശ്യം. എന്നാൽ സമാജ്വാദി പാർട്ടി 26 സീറ്റുകളാണ് വാഗ്ദാനം ചെയ്തതെന്നാണ് റിപ്പോർട്ട്. വെള്ളിയാഴ്ച രണ്ടാംഘട്ട സീറ്റ് ചർച്ചകൾ നടക്കാനിരിക്കെയാണ് ഇരുപാർട്ടികൾക്കിടയിലെ വാക്പോര് തുടരുന്നത്. ബിജെപിയെ നേരിടാൻ പ്രതിപക്ഷ ഐക്യം അനിവാര്യമെന്ന് ഖാർഗെ ആവർത്തിക്കുമ്പോഴും സീറ്റ് വിഭജനത്തിലെ തർക്കം മുന്നണിക്ക് തലവേദനയാകുകയാണ്.
