ന്യൂഡൽഹി: പാകിസ്താൻ അതിർത്തിയിലെ വ്യോമപ്രതിരോധം ശക്തമാക്കാൻ അഞ്ചാമത്തെ എസ്-400 മിസൈൽ പ്രതിരോധ സംവിധാനം വിന്യസിക്കാനൊരുങ്ങി ഇന്ത്യ. 2027 ഫെബ്രുവരിയോടെ പുതിയ സംവിധാനം വിന്യസിക്കാൻ സജ്ജമാകുമെന്നാണ് റിപ്പോർട്ട്. ജമ്മു കശ്മീരിലെ 740 കിലോമീറ്റർ ദൈർഘ്യമുള്ള നിയന്ത്രണരേഖയ്ക്ക് (LoC) സംരക്ഷണം നൽകുകയാണ് ലക്ഷ്യം.
ഇന്ത്യൻ വ്യോമസേനയുടെ പരിശോധനാ സംഘം അടുത്ത മാസം റഷ്യ സന്ദർശിച്ച് സംവിധാനത്തിന്റെ കൈമാറ്റത്തിന് മുന്നോടിയായുള്ള പരിശോധന നടത്തും. നിലവിൽ മൂന്ന് എസ്-400 സംവിധാനങ്ങൾ പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് മേഖലകളിലും നാലാമത്തേത് അസമിലുമാണ് വിന്യസിച്ചിരിക്കുന്നത്.
വിമാനങ്ങൾ, ബാലിസ്റ്റിക് മിസൈലുകൾ, ഡ്രോണുകൾ, മറ്റ് വ്യോമാക്രമണ ഭീഷണികൾ എന്നിവയെ 40 മുതൽ 400 കിലോമീറ്റർ വരെ ദൂരപരിധിയിൽ പ്രതിരോധിക്കാൻ എസ്-400 സംവിധാനത്തിന് കഴിയും. പാകിസ്താന് ചൈനയും തുർക്കിയും നൽകുന്ന സൈനിക പിന്തുണയും അമേരിക്കയുടെ എഫ്-16 നവീകരണ പദ്ധതിയും കണക്കിലെടുത്താണ് ഇന്ത്യയുടെ പുതിയ നീക്കമെന്നാണ് റിപ്പോർട്ട്.
റഷ്യയിൽ നിന്ന് അഞ്ച് എസ്-400 സംവിധാനങ്ങൾ കൂടി വാങ്ങാനും ഇന്ത്യ ആലോചിക്കുന്നുണ്ട്. എന്നാൽ പുതിയ വിന്യാസവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല
