കുവൈത്ത് : റെസ്റ്റോറന്റുകളിലും കഫേകളിലും നൽകുന്ന ഭക്ഷണത്തിന്റെ പോഷകമൂല്യങ്ങൾ കൃത്യമാണെന്ന് ഉറപ്പാക്കാൻ വിപുലമായ പദ്ധതിയുമായി കുവൈത്ത് മുനിസിപ്പൽ കൗൺസിൽ. ആരോഗ്യ അവബോധം വർധിച്ച സാഹചര്യത്തിൽ മെനു കാർഡുകളിൽ തെറ്റായ വിവരങ്ങൾ നൽകുന്നത് തടയാനാണ് ഈ നീക്കമെന്ന് അധികൃതർ വ്യക്തമാക്കി. മുനിസിപ്പൽ കൗൺസിൽ അംഗം ഫഹദ് അൽ അബ്ദുൽ ജാദിറാണ് പുതിയ നിർദേശങ്ങൾ മുന്നോട്ടുവെച്ചത്. അമേരിക്കയിലെ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ, സൗദിയിലെ ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി സ്വീകരിച്ച പ്രമുഖ അന്താരാഷ്ട്ര രീതികളെ അടിസ്ഥാനമാക്കിയാണ് ഈ നിർദേശങ്ങൾ തയ്യാറാക്കിയിരിക്കുന്നത്.
ഇതനുസരിച്ച് ഓരോ ഭക്ഷണ വിഭവത്തോടൊപ്പവും ക്യൂ.ആർ കോഡ് നിർബന്ധമാകും. ഉപഭോക്താക്കൾക്കും അധികൃതർക്കും ഇത് സ്കാൻ ചെയ്ത് ഭക്ഷണത്തിന്റെ ഗുണനിലവാര സർട്ടിഫിക്കറ്റ് പരിശോധിക്കാം. അംഗീകൃത ലാബ് പരിശോധനകൾക്ക് ശേഷം ലഭിക്കുന്ന ‘ന്യൂട്രീഷണൽ ലേബൽ അപ്രൂവൽ സർട്ടിഫിക്കറ്റ്’ ഇല്ലാതെ പോഷകവിവരങ്ങൾ പ്രദർശിപ്പിക്കാൻ അനുവദിക്കില്ല എന്നതും പ്രധാനമാണ്. കൂടാതെ, ഓരോ മൂന്ന് മാസത്തിലും റെസ്റ്റോറന്റുകളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് പരിശോധിക്കും. സ്ഥാപനത്തിന്റെ പേര് വെളിപ്പെടുത്താതെ സീരിയൽ നമ്പറുകൾ നൽകി ‘ബ്ലൈൻഡ് ടെസ്റ്റിംഗ്’ രീതിയിലൂടെയായിരിക്കും ലാബ് പരിശോധനകൾ നടത്തുമെന്ന് അധികൃതർ കൂട്ടിച്ചേർത്തു.
