ഇറാൻ അനുകൂലികൾക്കും തീവ്രവാദ ഗ്രൂപ്പുകളെ പിന്തുണച്ചവർക്കും തടവുശിക്ഷ; നിയമം കടുപ്പിച്ച് കുവൈത്ത്

കുവൈത്ത് സിറ്റി: രാജ്യത്തിൻറെ സുരക്ഷയ്ക്കും സാമൂഹിക ഐക്യത്തിനും ഭീഷണിയുയർത്തുന്ന നീക്കങ്ങൾക്കെതിരെ കർശന നടപടിയുമായി കുവൈത്ത് സ്റ്റേറ്റ് സെക്യൂരിറ്റി ആൻഡ് ടെററിസം ക്രൈംസ് കോടതി. ശത്രുരാജ്യങ്ങളോട് അനുഭാവം പ്രകടിപ്പിക്കുകയും വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ നാല് പ്രതികൾക്ക് കോടതി മൂന്ന് വർഷം കഠിനതടവ് വിധിച്ചു. ഇതേ കേസുകളിൽ ഉൾപ്പെട്ട 50 പേരെ ശിക്ഷയിൽ നിന്ന് ഒഴിവാക്കിയപ്പോൾ എട്ട് പേരെ കോടതി കുറ്റവിമുക്തരാക്കി.

കൗൺസിലർ നാസർ അൽ ബദറിന്റെ നേതൃത്വത്തിലുളള ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ഇറാൻ അനുകൂല പ്രവർത്തനങ്ങൾ, വർഗീയ ചേരിതിരിവ് ഉണ്ടാക്കാനായുളള ശ്രമങ്ങൾ, രാജ്യത്തിനെതിരായി നീക്കങ്ങൾ എന്നിവയുൾപ്പെടെ ഗുരുതരമായ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്. നിരോധിത സംഘടനയായ ഹിസ്ബുള്ളയ്ക്ക് പ്രത്യക്ഷമായോ പരോക്ഷമായോ പിന്തുണ നൽകിയതായും പ്രതികൾക്കെതിരെ ആരോപണമുണ്ട്. രാജ്യത്തിൻറെ ആഭ്യന്തര സുരക്ഷയെ തകർക്കുന്ന തരത്തിലുളള നീക്കങ്ങളെ അതീവ ഗൗരവത്തോടെയാണ് കോടതി വീക്ഷിച്ചത്.

നിരോധിത സംഘടനകളെ മഹത്വവൽക്കരിയ്ക്കുന്നതും അവരുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതും സമൂഹത്തിന്റെ സുസ്ഥിരതയ്ക്കുള്ള നേരിട്ടുള്ള ഭീഷണിയാണെന്ന് കോടതി വ്യക്തമാക്കി. ഇത്തരം സംഘടനകളുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നത് പൊതുസുരക്ഷയുടെ അടിത്തറ ഇളക്കും. പുറമെ പറയുന്ന ന്യായവാദങ്ങളെക്കാൾ ഇത്തരം പ്രവർത്തികൾ സമൂഹത്തിൽ ഉണ്ടാക്കുന്ന ആഘാതത്തിനാണ് നിയമപരമായി മുൻഗണന നൽകുന്നതെന്നും കോടതി ഓർമിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *