എംഎല്‍എമാരുടെ പിന്തുണ മാത്രം പരിഗണിച്ച് മുഖ്യമന്ത്രിയെ തീരുമാനിക്കരുത്’; വി ഡി സതീശന്‍ പക്ഷം

തിരുവനന്തപുരം: എംഎല്‍എമാരുടെ പിന്തുണ മാത്രം പരിഗണിച്ച് മുഖ്യമന്ത്രിയെ തീരുമാനിക്കരുതെന്ന ആവശ്യവുമായി വി ഡി സതീശന്‍ പക്ഷം. പൊതു അഭിപ്രായവും രാഷ്ട്രീയ സാഹചര്യവും പരിഗണിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഏറ്റവും കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ എഐസിസി ജനറല്‍ സെക്രട്ടറിയായ കെ സി വേണുഗോപാലിന് ലഭിക്കാനാണ് സാധ്യത. ഈ സാഹചര്യത്തിലാണ് പൊതു അഭിപ്രായം പരിഗണിക്കണമെന്ന ആവശ്യം ഉയരുന്നത്. ലീഗിന്റെയും ഘടകക്ഷികളുടെയും പിന്തുണ വി ഡി സതീശനാണ്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം നടന്നപ്പോള്‍ കെ സി വേണുഗോപാലിനെ അനുകൂലിക്കുന്നവര്‍ക്കാണ് കൂടുതലും അവസരം ലഭിച്ചതെന്നാണ് വി ഡി പക്ഷം പറയുന്നത്. രമേശ് ചെന്നിത്തലയെ അനുകൂലിക്കുന്നവര്‍ക്കാണ് പിന്നെ ഭൂരിപക്ഷം. ജയസാധ്യത കൂടുതലും കെ സി വേണുഗോപാലിനെ അനുകൂലിക്കുന്നവരാണ്. പിന്നാലെ രമേശ് ചെന്നിത്തലയെ പിന്തുണയ്ക്കുന്നവര്‍ക്കാണ് ജയ സാധ്യത.

അതേസമയം വി ഡി സതീശനെ പിന്തുണയ്ക്കുന്നവര്‍ അഞ്ചില്‍ താഴെ മാത്രം എംഎല്‍എമാരാകും എന്നാണ് പൊതു വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ പൊതു അഭിപ്രായം, രാഷ്ട്രീയ സാഹചര്യം എന്നിവയ്ക്ക് പുറമേ ഘടകകക്ഷികളുടെ അഭിപ്രായവും പരിഗണിക്കണമെന്നാണ് വി ഡി പക്ഷം ആവശ്യപ്പെടുന്നത്. ഇക്കാര്യം നിരീക്ഷകരായി എത്തുന്ന എഐസിസി പ്രതിനിധികള്‍ക്ക് മുന്നിലും ഉന്നയിക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപദാസ് മുന്‍ഷിയോടും ഇക്കാര്യം സതീശൻ പക്ഷം സൂചിപ്പിക്കാനാണ് സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *