തിരുവനന്തപുരം: രൗദ്രതയായിരുന്നു പിണറായി വിജയന്റെ മുഖഭാവമെന്നും അത് തിരുത്താൻ സിപിഎമ്മിന് ശേഷി ഉണ്ടായില്ലെന്നും ഇടത് സഹയാത്രികനും മുൻ എം.പിയുമായ ഡോ. സെബാസ്റ്റ്യൻ പോൾ. പാർലമെന്ററി ജനാധിപത്യത്തിന്റെ വഴിയിൽ പ്രവർത്തിക്കുന്ന ഇന്നത്തെ കമ്മ്യൂണിസ്റ്റുകാരൻ സ്റ്റാലിനിസ്റ്റ് ആകേണ്ട ആവശ്യമില്ല. പക്ഷേ, പിണറായി ജനങ്ങളിൽനിന്ന് കഴിയുന്നത്ര അകലം പാലിച്ചു. ഓരോ ദിവസവും അദ്ദേഹം ആ അകലം കൂട്ടിക്കൊണ്ടിരുന്നു. കമ്മ്യൂണിസത്തിന്റെ ഇന്ത്യയിലെ അവശേഷിക്കുന്ന ഏക പച്ചത്തുരുത്തായിരുന്നു കേരളം. ചരിത്രപരമായ ആ ഉത്തരവാദിത്തം അദ്ദേഹം വിസ്മരിച്ചു. തിരുത്താൻ പാർട്ടി ഉണ്ടായില്ല; പാർട്ടിക്ക് അതിനുള്ള ശേഷി ഇല്ലായിരുന്നു. പാർട്ടിയുടെ നിശ്ശബ്ദതയിൽ ഉയർന്നുവന്ന ജനശബ്ദത്തെ അദ്ദേഹം പൂർണ്ണമായും ഒഴുവാക്കി . ചോദ്യം ചോദിക്കാൻ ശ്രമിച്ച സദസ്യനെ അദ്ദേഹം അപമാനിച്ച് നിശ്ശബ്ദനാക്കി.സെബാസ്റ്റ്യൻ പോൾ എഴുതി. പിണറായി വിജയന്റെ നേതൃത്വത്തിൽ എൽഡിഎഫ് ഒരിക്കൽക്കൂടി അധികാരത്തിലെത്തുന്നതിനെ തടഞ്ഞ ജനവിധി അസാധാരണമായ രാഷ്ട്രീയസ്ഥിതിക്ക് കാരണമായിട്ടില്ല. അധികാരത്തിന് പരിധിയും പരിമിതിയും സൃഷ്ടിക്കുന്ന ഭരണഘടനാവ്യവസ്ഥകൾക്ക് അനുസൃതമായ ഭരണമാറ്റമാണ് കേരളത്തിൽ സംഭവിച്ചത്. പിണറായി വിജയന്റെ പത്തു വർഷം മികച്ച ഭരണകാലമായിരുന്നുവെന്ന് പൊതുവെ കരുതപ്പെടുന്നുണ്ട്. എന്നിട്ടും എന്തുകൊണ്ട് ജനം വോട്ട് ചെയ്തില്ല എന്ന ചോദ്യത്തിന് അതാണ് ജനാധിപത്യം എന്നാണ് ഉത്തരമെന്ന് അദ്ദേഹം പറഞ്ഞു.
പിണറായിയുടെ മുഖം എല്ലാത്തിനും കാരണം
