ഇന്നും ഇടിമിന്നലോടെ ശക്തമായ മഴയും കാറ്റും; അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത 3 മണിക്കൂറിൽ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും, തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം, ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം ആൻഡ്മാൻ നിക്കോബാർ, തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു, ഈ മാസം 26ന് കാലവർഷം കേരള തീരത്ത് എത്തിയേക്കുമെന്നാണ് നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *