ഇ.ഡി അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപ്പീൽ നൽകി CMRL

തിരുവനന്തപുരം: മാസപ്പടി കേസിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപ്പീൽ നൽകി സിഎംആർഎൽ. നേരത്തെ സിംഗിൾ ബെഞ്ച് ഈ ആവശ്യം നിരസിച്ചിരുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ വീണ വിജയനെ ഇ. ഡി ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതിനിടെയാണ് ഹൈക്കോടതിയെ സമീപിച്ചത്. നോട്ടീസ് നൽകുന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും. റെയ്ഡിൽ കണ്ടെടുത്ത ഡയറിയിലെ മറ്റ് പേരുകളെ കേന്ദ്രീകരിച്ചും തെളിവ് ശേഖരണം തുടങ്ങിയിട്ടുണ്ട്.

2019-ൽ ക്ലോസ് ചെയ്ത വീണയുടെ അബുദാബി ബാങ്ക് അക്കൗണ്ടും ഇ ഡിയുടെ അന്വേഷണ പരിധിയിലാണ്. അക്കൗണ്ട് വഴിയുള്ള ഇടപാടുകൾ പരിശോധിക്കും. റെയ്ഡിൽ 242 അക്കൗണ്ടുകളിലായി 18.36 കോടി രൂപ ഇ. ഡി മരവിപ്പിച്ചിരുന്നു. ഇതിൽ വീണയുടെ മൂന്നോളാം അക്കൗണ്ടുകൾ ഉൾപ്പെടുന്നു. അതേസമയം, പ്രതിപക്ഷനേതാവ് പിണറായി വിജയന്റേയും മുൻമന്ത്രി പി. എ മുഹമ്മദ് റിയാസിന്റെയും വീടുകളിലെ ഇ ഡി റെയ്ഡിനെതിരായ പ്രതിഷേധത്തിൽ കണ്ണൂരും കോഴിക്കോടും സിപിഐഎം പ്രവർത്തകർക്കെതിരെ കേസെടുത്തു.

എഴുപതിലധികം പേർക്കെതിരെയാണ് കേസെടുത്തത്. തിരുവനന്തപുരത്ത് ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സിപിഐഎം പ്രവർത്തകരായ പന്ത്രണ്ട് പ്രതികളെ രണ്ടാഴ്ചത്തേയ്ക്ക് റിമാൻഡ് ചെയ്തു. ഇതിനിടെ പൊലീസിനെതിരെ ഭീഷണി പ്രസംഗവുമായി സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ. എൻ സുരേഷ് ബാബുവും രംഗത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *