മുഖ്യമന്ത്രി കസേരക്ക് ചരടുവലി

തിരുവനന്തപുരം: ഹൈക്കമാന്‍ഡ് കര്‍ശനമായി വിലക്കിയിട്ടും സംസ്ഥാന കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി കസേരക്കായുള്ള ചരടുവലി ശക്തമായി തന്നെ തുടരുന്നു. കെ സി വേണുഗോപാലിന് പിന്തുണ നല്‍കുന്ന യുവ നേതൃനിരയിലെ മാത്യു കുഴല്‍നാടന്‍ എംഎല്‍എ ദില്ലിയില്‍ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി. കെ സി വേണുഗോപാലിന്‍റെ പേരില്‍ അദ്ദേഹത്തിന്‍റെ അനുയായിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് പാലക്കാട്ടെ ക്ഷേത്രത്തില്‍ തുലാഭാരത്തിന് ബുക്ക് ചെയ്തു. മൂവാറ്റുപുഴയില്‍ വിഡി സതീശനായി ഫ്ലക്സ് ഉയര്‍ന്നു. കേരളത്തില്‍ ഒരു ദളിത് മുഖ്യമന്ത്രി വേണ്ടേയെന്ന ചോദ്യത്തിന് നാലിന് മറുപടി പറയാമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപിയും പ്രതികരിച്ചു.

മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് വളമൊരുക്കുന്ന ഒരു സാഹചര്യവും പാടില്ലെന്ന ഹൈക്കമാന്‍ഡിന്‍റെയും കെപിസിസിയുടെയും നിര്‍ദ്ദേശങ്ങള്‍ക്ക് പുല്ലുവിലയാണ് സംസ്ഥാനത്ത് കോൺ​ഗ്രസിലുള്ളത്. കെ സി വേണുഗോപാല്‍ ആ പദവിയിലേക്കെത്തണമെന്നാഗ്രഹിക്കുന്ന യുവനിരയിലെ പ്രമുഖന്‍ മാത്യു കുഴല്‍നാടന്‍ ഒന്നരമണിക്കൂര്‍ നേരം കെ സിയുമായി ദില്ലിയിലെ അദ്ദേഹത്തിന്‍റെ വസതിയില്‍ കൂടിക്കാഴ്ച നടത്തി. മാധ്യമങ്ങള്‍ക്ക് മുഖം തരാതെ പിന്‍ഗേറ്റിലൂടെ മടങ്ങുകയും ചെയ്തു. മുഖ്യമന്ത്രി സ്ഥാനത്തിനൊപ്പം മന്ത്രിസഭയില്‍ ബര്‍ത്ത് ഉറപ്പിക്കാനും ഭാഗ്യാന്വേഷികള്‍ നെട്ടോട്ടത്തിലാണെന്നാണ് വിവരം. പശ്ചാത്തലം ഇതാണെന്നരിക്കേ കൂടിക്കാഴ്ചയെ കുറിച്ച് പ്രതികരിക്കാന്‍ കെ സി വേണുഗോപാലും തയ്യാറായില്ല.

Leave a Reply

Your email address will not be published. Required fields are marked *