ന്യൂഡൽഹി: വിമാനയാത്രക്കാർക്ക് ആശ്വാസവാർത്ത. ഇനി മുതൽ എല്ലാ വിമാനക്കമ്പനികളും വൈ-ഫൈ സേവനം നൽകണമെന്ന പുതിയ നിർദേശം പുറപ്പെടുവിച്ച് ഡിജിസിഎ. ആഭ്യന്തര യാത്രക്കാർക്ക് വിമാനയാത്രയ്ക്കിടെ ഇന്റർനെറ്റ് ഉപയോഗം ഉറപ്പാക്കണം. 10,000 അടി ഉയരത്തിന് മുകളിലാണ് വൈ-ഫൈ ഉപയോഗം അനുവദിക്കുക.
മൊബൈൽ, ലാപ്ടോപ്പ് എന്നിവ ഫ്ലൈറ്റ് മോഡിൽ ഉപയോഗിക്കണം. സുരക്ഷാ കാരണങ്ങളാൽ വൈ-ഫൈ സേവനം നിർത്താൻ പൈലറ്റിന് അധികാരമുണ്ട്. ഇന്ത്യൻ വ്യോമയാന സേവനങ്ങൾ ആഗോള നിലവാരത്തിലേക്ക് ഉയർത്താനുള്ള നടപടിയുടെ ഭാഗമായാണ് പുതിയ നിർദ്ദേശം. നിലവിൽ 28 എയർ ഇന്ത്യ വിമാനത്തിൽ മാത്രമാണ് സൗകര്യം നൽകുന്നത്.
