മുന്നൊരുക്കം തുടങ്ങി ബി.ജെ.പി ; രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്ത്, സുരേന്ദ്രൻ ആറ്റിങ്ങലിൽ

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജയസാധ്യതയുള്ള മണ്ഡലങ്ങളിൽ മുന്നൊരുക്കം ആരംഭിക്കാൻ നിർദേശം കിട്ടിയതോടെ ബി.ജെ.പി സ്ഥാനാർഥികളാകാൻ സാധ്യതയുള്ള നേതാക്കളെ മണ്ഡലങ്ങളിൽ ചുമതലക്കാരായി നിയോഗിച്ചു. സംസ്ഥാന അധ്യക്ഷനും എം.എൽ.എ.യുമായ രാജീവ് ചന്ദ്രശേഖറിന് തിരുവനന്തപുരത്തിന്റെയും മുൻ അധ്യക്ഷൻ കെ. സുരേന്ദ്രന് ആറ്റിങ്ങലിന്റെയും ജനറൽ സെക്രട്ടറി അനൂപ് ആന്റണിക്ക് പത്തനംതിട്ടയുടെയും ചുമതല നൽകി.

അവർതന്നെ തിരഞ്ഞെടുപ്പിനെ നേരിടട്ടെയെന്നാണ് കേന്ദ്രഘടകത്തിന്റെ നിലപാട്. കൊല്ലത്ത് ബി.ബി. ഗോപകുമാർ എം.എൽ.എ., തൃശ്ശൂരിൽ കേന്ദ്രമന്ത്രികൂടിയായ സുരേഷ് ഗോപി എന്നിവർക്കാണ് സാധ്യത . മാത്രമല്ല, നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവല്ലയിൽ രണ്ടാമതെത്തിയ അനൂപ് ആന്റണിയുടെ പ്രവർത്തനമേഖല പത്തനംതിട്ടയിലേക്കു മാറ്റി. യുവമോർച്ചയുടെ പ്രഭാരിസ്ഥാനം ഒഴിവാക്കിയാണ് തിരഞ്ഞെടുപ്പിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ ആവശ്യപ്പെട്ടത്. തിരുവനന്തപുരം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ആളാകണം പ്രഭാരിയെന്ന നിർദേശത്തെത്തുടർന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് പി. സുധീറിനാണ് ചുമതല. ജനറൽ സെക്രട്ടറിമാരുടെയും വൈസ് പ്രസിഡന്റുമാരുടെയും യോഗം ബുധനാഴ്ച ചേരും.

Leave a Reply

Your email address will not be published. Required fields are marked *