ബിജെപി തെരഞ്ഞെടുപ്പ് ഫണ്ട് വിവാദം; ചര്‍ച്ച വേണമെന്ന് നേതാക്കള്‍

തിരുവനന്തപുരം: ബിജെപിയിലെ തെരഞ്ഞെടുപ്പ് ഫണ്ട് വിവാദത്തില്‍ ചര്‍ച്ച വേണമെന്ന ആവശ്യവുമായി രംഗത്തെത്തി നേതാക്കൾ. കോര്‍കമ്മിറ്റി വിളിക്കണമെന്നാവശ്യവുമായി വി. മുരളീധരൻ വിഭാഗം രംഗത്ത് വന്നു. സംസ്ഥാന അധ്യക്ഷന്‍ നാട്ടിലെത്തിയിട്ടും കോര്‍കമ്മിറ്റി ചേരുന്നില്ലെന്നാണ് ഉയരുന്ന വിമര്‍ശനം. വിഷയത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം. ഔദ്യോഗിക സംവിധാനം വീഴ്ച വരുത്തിയെന്ന വിമര്‍ശനമാണ് ഉയരുന്നത്. ചുമതല നല്‍കിയവര്‍ ജാഗ്രത കാണിച്ചില്ലെന്ന ആക്ഷേപവുമുണ്ട്. ഫണ്ട് തിരിമറിയില്‍ ആഭ്യന്തര അന്വേഷണം പൂര്‍ത്തിയായ ശേഷം യോഗം വിളിക്കാനാണ് രാജീവ് ചന്ദ്രശേഖർ തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഫണ്ട് തിരിമറി സംബന്ധിച്ച് കൃത്യമായ മറുപടി നല്‍കാന്‍ സംസ്ഥാനാധ്യക്ഷന്‍ ഇതുവരെ തയ്യാറായിട്ടില്ല. എന്നാല്‍ അദ്ദേഹം ആരോപണം പൂര്‍ണമായും നിഷേധിക്കാന്‍ തയ്യാറായില്ലെന്നതും ശ്രദ്ധേയമാണ്. വിഷയത്തില്‍ വ്യക്തത വരുത്തിയതിന് ശേഷം മറ്റ് നടപടിയിലേക്ക് കടക്കാനാണ് അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്. തന്നോടൊപ്പം ഉണ്ടായിരുന്ന നേതാക്കള്‍ തന്നെ വിശ്വാസ വഞ്ചന നടത്തിയോ എന്നത് കണ്ടെത്തുക എന്നതാണ് രാജീവ് ചന്ദ്രശേഖർ ലക്ഷ്യമിടുന്നത്. എന്നാല്‍ മാധ്യമങ്ങളിലടക്കം വലിയ ചര്‍ച്ചയായ വിഷയം പാര്‍ട്ടിയില്‍ എവിടെയും ചര്‍ച്ചയാകാത്തതില്‍ മുരളീധരനും കെ സുരേന്ദ്രനും അടക്കം അതൃപ്തി ഉണ്ടെന്നാണ് വിവരം.

പല നേതാക്കള്‍ക്കും പുതിയ ചുമതലകളടക്കം പാര്‍ട്ടിയില്‍ നല്‍കിയിട്ടുണ്ട്. അനൂപ് അന്റണിയെ യുവമോര്‍ച്ചയുടെ പ്രഭാരി സ്ഥാനത്ത് നിന്ന് മാറ്റി അവിടെ അഡ്വ. പി സുധീറിനെ അടക്കം കൊണ്ടുവന്നിട്ടുണ്ട്. അത്തരം മാറ്റങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള നടപടിയുടെ ഭാഗമായാണോ എന്ന ചര്‍ച്ചയും സജീവമാണ്. എസ് സുരേഷ് അടക്കമുള്ള നേതാക്കളെ കുറിച്ച് ഇത്തരം ചര്‍ച്ചകള്‍ സജീവമാണ്. പാര്‍ട്ടിയിലെ സാധാരണ നിലയിലുള്ള ഓഡിറ്റിങ്ങിന് പുറമേ ആരോപണമുയര്‍ന്ന മണ്ഡലങ്ങളില്‍ റീ ഓഡിറ്റിങ് അടക്കം നടക്കുകയാണ്. സാധാരണ നിലയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കൊടുക്കുന്ന കണക്കിന്റെ ഓഡിറ്റിങ്ങാണ് ആദ്യം നടത്തുന്നത്. ഇതിന് പുറമേയാണ് വിശദമായ ഓഡിറ്റിങ് നടത്തുന്നത്. സംസ്ഥാന കമ്മിറ്റി കേന്ദ്രീകരിച്ചായിരുന്നു ആദ്യഘട്ട പരാതി ഉയര്‍ന്നിരുന്നത്. 20-20 സ്ഥാനാര്‍ഥിയാകാന്‍ ഓഫര്‍ ചെയ്ത പണം നല്‍കിയില്ലെന്ന് കാട്ടി സ്ഥാനാര്‍ഥിയായ താരങ്ങള്‍ തന്നെ പരാതി നല്‍കിയിട്ടുണ്ടെന്നായിരുന്നു വിവരം.

പ്രധാന മന്ത്രിയുടെ സന്ദര്‍ശന സമയത്ത് പ്ലക്കാര്‍ഡ് വാങ്ങിയതിലടക്കം ക്രമക്കേട് ഉണ്ടായെന്നായിരുന്നു കണ്ടെത്തല്‍. വാഹനങ്ങള്‍ വാടകയ്‌ക്കെടുത്തതില്‍ വരെ ക്രമക്കേട് കണ്ടെത്തിയിരുന്നു. കൊടി വാങ്ങിയെന്ന് കാട്ടി വ്യാജ ബില്ല് സമര്‍പ്പിച്ചതില്‍ കേസ് എടുത്തിട്ടില്ലെന്നും ആരോപണമുയര്‍ന്നിരുന്നു. 3.25 ലക്ഷം രൂപയ്ക്ക് കൊടി വാങ്ങി എന്ന വ്യാജ ബില്ലില്‍ പരാതി നല്‍കിയെങ്കിലും കേസെടുത്തില്ലെന്നാണ് ആരോപണം. ദേശീയ നേതാക്കള്‍ എത്തുന്ന സമയങ്ങളില്‍ ആഡംബര ഹോട്ടലുകളില്‍ റൂമുകള്‍ ബുക്ക് ചെയ്തിരുന്നു. ഇതിന്റെ ബില്ല് രണ്ടും മൂന്നും ഇരട്ടിയായി കാണിച്ചെന്നും കണ്ടെത്തലുണ്ട്. ഹെലികോപ്റ്റല്‍ വാടകയ്ക്കെടുത്ത് അതില്‍ സഞ്ചരിച്ച മണിക്കൂറുകള്‍ കൂട്ടി കാണിച്ച് അതിന്റെ പേരിലും സംസ്ഥാന നേതാക്കള്‍ പണം തട്ടിയതായാണ് വിവരം. തട്ടിപ്പ് നടത്തിയ പല നേതാക്കള്‍ക്കും ബജെപി ഭരണമുള്ള സഹകരണ ബാങ്കുകളിലടക്കം വലിയ തുക വായ്പ ഉണ്ടായിരുന്നെന്നും തെരഞ്ഞെടുപ്പിന് ശേഷം ഇത് ഒറ്റ തവണയായി അടച്ചു തീര്‍ത്തെന്നും ആരോപണമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *