മൃതദേഹം പൊതുദർശനത്തിന് വെച്ചില്ല; ആദിത്യൻ പഠിച്ച ബെംഗളൂരു ബിടിഎൽ നേഴ്സിംഗ് കോളേജിൽ വിദ്യാർത്ഥി പ്രതിഷേധം

ബെംഗളൂരു: മലയാളി നേഴ്സിംഗ് വിദ്യാർത്ഥി ആദിത്യന്റെ മരണവുമായി ബന്ധപ്പെട്ട് ബെംഗളൂരു ബിടിഎൽ നേഴ്സിംഗ് കോളേജിൽ പ്രതിഷേധം. ആദിത്യന്റെ മൃതദേഹം പൊതുദർശനത്തിന് വയ്ക്കാത്തതും ആദിത്യന്റെ സംസ്കാര ചടങ്ങിന് പോകാൻ വിദ്യാർത്ഥികളെ അനുവദിക്കാത്തതും ചോദ്യം ചെയ്തുകൊണ്ടാണ് വിദ്യാർത്ഥികൾ പ്രതിഷേധം ഉയർത്തിയത്. ആദിത്യന്റെ ഫോട്ടോയ്ക്ക് മുന്നിൽ പ്രാർത്ഥിക്കാനാണ് കോളേജ് അധികൃതർ ആവശ്യപ്പെട്ടതെന്ന് വിദ്യാർത്ഥികൾ പറയുന്നു. അധ്യാപകനെതിരെ നടപടി വേണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.

ആരോപണ വിധേയനായ അധ്യാപകന് മരണത്തിൽ പങ്കില്ലെന്നാണ് അധികൃതരുടെ വിശദീകരണം. മാനേജ്മെന്റുമായി ചർച്ച ചെയ്യാമെന്ന് കോളേജ് അധികൃതർ പറഞ്ഞെങ്കിലും ചർച്ച തങ്ങൾക്ക് മുന്നിൽവച്ച് വേണമെന്നാണ് വിദ്യാർത്ഥികളുടെ നിലപാട്. നേരത്തെ, ആദിത്യന്റെ മരണത്തിൽ കോളേജ് മാനേജ്മെന്റിനെതിരെ ആരോപണമുന്നയിച്ച് കുടുംബം രം​ഗത്തെത്തിയിരുന്നു. ആദിത്യൻ ആത്മഹത്യ ചെയ്തതാണെന്ന് വരുത്തി തീർക്കാൻ മാനേജ്മെന്റ് ശ്രമിക്കുന്നു എന്നായിരുന്നു പരാതി. വിദ്യാർത്ഥി ജീവനൊടുക്കിയത് ഒറ്റപ്പെടൽ നേരിട്ടതുകൊണ്ടാണെന്നാണ് മാനേജ്മെന്റിന്റെ വിശദീകരണം. മരണ വിവരം അറിഞ്ഞ ഇന്നലെ ബംഗളൂരുവിൽ എത്തിയ അച്ഛൻ പ്രദീപ് ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളോട് ആദിത്യൻ ആത്മഹത്യ ചെയ്തതാണെന്ന് മാനേജ്മെന്റ് തറപ്പിച്ച് പറഞ്ഞതാണ് സംശയങ്ങൾക്ക് ഇട നൽകുന്നത്. പരാതി സ്വീകരിക്കാൻ ആദ്യഘട്ടത്തിൽ ഹെബ്ബഗോഡി പൊലീസ് വിമുഖത കാണിച്ചതും ദുരൂഹത വർദ്ധിപ്പിന്നുണ്ട്.

ബെംഗളൂരുവിലെ ഒരു അഭിഭാഷകന്റെ ഇടപെടലിനു ശേഷമാണ് പരാതി സ്വീകരിക്കാൻ പോലും പൊലീസ് തയ്യാറായത്. സഹപാഠികളുടെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ആദിത്യൻ പരാതി നൽകിയിട്ടും നടപടി എടുക്കാത്തതും ദുരൂഹമാണ്. പരാതി നൽകിയ ആദിത്യനും മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്ന് ആരോപണ വിധേയർ പറഞ്ഞപ്പോൾ മാനേജ്മെന്റ് എന്തു നടപടി എടുത്തു എന്നതും വിഷയത്തിന്റെ ഗൗരവം കൂട്ടുന്നു. ഈ ആരോപണവുമായി ബന്ധപ്പെട്ട് അധ്യാപകന്റെ കുറ്റപ്പെടുത്തലുകൾക്കും ആദിത്യൻ ഇരയായിരുന്നു. ഈ വിവരങ്ങൾ എല്ലാം ഉന്നയിച്ച് അച്ഛൻ പ്രദീപ് നൽകിയ പരാതി സ്വീകരിച്ചിട്ടുണ്ടെങ്കിലും പൊലീസ് അതിൽ തുടർനടപടികൾ ഇതുവരെ എടുത്തിട്ടില്ല.

ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെ ബന്ധുവിന്റേതാണ് കോളേജ് എന്നതാണോ നടപടികളിലെ മെല്ലെ പോക്കിന് കാരണം എന്ന് കുടുംബത്തിന് സംശയമുണ്ട്. ഇതിനിടയിൽ ആദിത്യന്റെ ശബ്ദ സന്ദേശവും പുറത്തുവന്നു. മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് ഒന്നിലേറെ തവണ പരാതി നൽകിയിട്ടും വിദ്യാർത്ഥിയെ എന്തുകൊണ്ട് മറ്റൊരു മുറിയിലേക്ക് മാറ്റിയില്ല എന്ന ചോദ്യവും ഉയരുന്നുണ്ട്. അതേസമയം ആരോപണങ്ങൾ എല്ലാം മാനേജ്മെന്റ് നിഷേധിക്കുകയാണ്. ഒറ്റപ്പെടൽ ഉയർത്തിയ മാനസിക സംഘർഷവും പ്രണയ പരാജയവും ആകാം ആത്മഹത്യയിലേക്ക് നയിച്ചത് എന്ന ഒരു വിശദീകരണം ആണ് മാനേജ്മെന്റ് നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *