മെഡിക്കൽ ആവശ്യങ്ങൾക്ക് കഞ്ചാവ് ഉപയോഗിക്കാം; നിയമങ്ങളിൽ ഇളവുമായി യു.എസ്

വാഷിങ്‌ടൺ: ആരോഗ്യപരമായ കാര്യങ്ങൾക്ക് കഞ്ചാവ് ഉപയോഗിക്കുന്ന അമേരിക്കക്കാർക്ക് സന്തോഷമാകുന്ന പരിഷ്കാരവുമായി ട്രംപ് സർക്കാർ. കഞ്ചാവിനെ ഷെഡ്യൂൾ-1 ൽ നിന്നും സർക്കാർ നീക്കി. ഹെറോയിൻ, മെത്തഫിറ്റമിൻ, തുടങ്ങിയ മെഡിക്കൽ ഉപയോഗം അനുവദനീയമല്ലാത്ത മയക്കുമരുന്നുകളാണ് ഷെഡ്യൂൾ-1 ൽ ഉള്ളത്. കഞ്ചാവിനെയും ഇക്കൂട്ടത്തിലായിരുന്നു പെടുത്തിയിരുന്നത്. ഫെഡറൽ, സംസ്ഥാന ഏജൻസികൾ അനുവദിക്കുന്ന കഞ്ചാവ് ഉത്പന്നങ്ങളെ ഇനിമുതൽ മൂന്നാം ഷെഡ്യൂളിലേക്ക് മാറ്റും. മെഡിക്കൽ ഉപയോഗത്തിനുള്ളതായി കണക്കാക്കുന്ന കീറ്റമിൻ, അനാബോളിക്ക് സ്റ്റിറോയിഡുകൾ എന്നിവ ഉൾപ്പെടുന്നവയാണ് മൂന്നാം ഷെഡ്യൂൾ.

40 യു.എസ് സംസ്ഥാനങ്ങൾ ആരോഗ്യപരമായ കാര്യങ്ങൾക്ക് കഞ്ചാവ് ഉപയോഗിക്കുന്നുണ്ട്. എന്നാൽ രാജ്യവ്യാപകമായ ഉപയോഗത്തിനുണ്ടായിരുന്ന തടസ്സമാണ് വ്യാഴാഴ്ച ട്രംപ് സർക്കാർ നീക്കിയത്. മെഡിക്കൽ ആവശ്യത്തിനുള്ള കഞ്ചാവിന്റെ ഉപയോഗം സംബന്ധിച്ച ഗവേഷണം കൂട്ടണമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഡിസംബറിൽ ഇറക്കിയ എക്സിക്യൂട്ടീവ് ഉത്തരവിൽ നിർദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് നീതിന്യായ വകുപ്പിന്റെ തീരുമാനം .4700 കോടി ഡോളറിന്റേതാണ് യു.എസിലെ കഞ്ചാവ് വ്യവസായം.

Leave a Reply

Your email address will not be published. Required fields are marked *