തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഉഷ്ണതരംഗത്തിന് സാധ്യത; മലപ്പുറത്ത് യുവാവിന് സൂര്യതാപമേറ്റു

പാലക്കാട്: സംസ്ഥാനത്ത് താപനില ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. മറ്റ് ജില്ലകളിലും ഉയര്‍ന്ന താപനില തുടരുകയാണ്. സാധാരണയെക്കാൾ 4 മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുന്ന സാഹചര്യമാണുള്ളത്. സംസ്ഥാനമാകെ അതീവ ജാഗ്രത തുടരണമെന്നും നിര്‍ദ്ദേശമുണ്ട്. പകല്‍ 11 മുതല്‍ വൈകിട്ട് മൂന്ന് വരെ വെയില്‍ ഏല്‍ക്കരുതെന്ന് കര്‍ശന നിര്‍ദേശമുണ്ട്. അതേസമയം കൊല്ലം ജില്ലയിലെ ഓറഞ്ച് അലേര്‍ട്ട് പിന്‍വലിച്ചു.

കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്നലെ കൊല്ലം ജില്ലയില്‍ താപനില കുറഞ്ഞിരുന്നു. ഇതോടെ ആണ് ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചത്. എന്നാല്‍ ജില്ലയിലെ യെല്ലോ അലേര്‍ട്ട് തുടരും. വയനാട്, ഇടുക്കി ഒഴികെയുള്ള ജില്ലകളില്‍ ഈ മാസം 26 വരെ മുന്നറിയിപ്പ് തുടരും. ചൂട് കൂടുന്നതോടെ ആരോഗ്യപ്രശ്നങ്ങളും വർധിക്കാനുള്ള സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി.

അതേസമയം, മലപ്പുറം ജില്ലയിൽ വേനൽചൂട് കടുക്കുന്നതിനിടെ കരിപ്പൂർ കുമ്മിണിപറമ്പിൽ യുവാവിന് സൂര്യാതാപമേറ്റു. മേലെ മംഗലത്തു അഖിലിനാണ് ജോലിസ്ഥലത്ത് വെച്ച് പൊള്ളലേറ്റത്. മരപ്പണിയിൽ ഏർപ്പെട്ടിരിക്കെ ശരീരത്തിൽ പെട്ടെന്ന് അസഹ്യമായ നീറ്റൽ അനുഭവപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വയറിൽ പൊള്ളലേറ്റ പാടുകൾ കണ്ടെത്തിയത്. ഉടൻ തന്നെ അഖിലിനെ കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം അഖിൽ നിരീക്ഷണത്തിലാണ്. സംസ്ഥാനത്ത് താപനില ഉയരുന്ന സാഹചര്യത്തിൽ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. നിർമ്മാണ തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ കർശന ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്

Leave a Reply

Your email address will not be published. Required fields are marked *