കാന്താര സിനിമയിലെ ദൈവസങ്കൽപത്തെ അപമാനിച്ചെന്ന പരാതിയിൽ ബോളിവുഡ് താരം രൺവീർ സിംഗിനെതിരായ എഫ്ഐആർ കർണാടക ഹൈക്കോടതി റദ്ദാക്കി. താരത്തിന്റെ നിരുപാധിക മാപ്പപേക്ഷ സ്വീകരിച്ചതിന് പിന്നാലെയാണ് എഫ്ഐആർ റദ്ധാക്കിയത്. ജസ്റ്റിസ് നാഗപ്രസന്ന അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. വൈകാതെ ചാമുണ്ഡി ഹിൽസ് നേരിട്ട് സന്ദർശിച്ച് മാപ്പപേക്ഷിക്കുമെന്നും രൺവീർ സിംഗ് കോടതിയെ അറിയിച്ചിരുന്നു.
ഗോവ ഫിലിം ഫെസ്റ്റിവലിന്റെ സമാപന ചടങ്ങിൽ വെച്ചാണ് കാന്താരയിലെ ദൈവ സങ്കല്പവുമായി ബന്ധപ്പെട്ട് നടൻ അനുകരണം നടത്തിയത്. പിന്നാലെ ബെംഗളൂരുവിൽ പ്രവർത്തിക്കുന്ന അഭിഭാഷകനായ പ്രശാന്ത് മെത്തൽ രൺവീർ സിംഗിനെതിരെ പരാതി നൽകി. തുടർന്ന് മതവികാരം വ്രണപ്പെടുത്തിയെന്ന പേരിൽ ബെംഗളുരു പൊലീസ് കേസെടുക്കുകയായിരുന്നു. അതേസമയം ആദിത്യ ധർ ഒരുക്കിയ ധുരന്ദർ 2 ആണ് രൺവീറിന്റെ ഏറ്റവും പുതിയ ചിത്രം. ഈ വർഷത്തെ വമ്പൻ ബോക്സ് ഓഫീസ് ഹിറ്റായി മാറിയ ചിത്രം ആഗോള കളക്ഷനായി 1500 കോടിക്ക് മുകളിലാണ് നേടിയത്.
