ന്യൂഡൽഹി: ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിനുള്ള ഇന്ത്യൻ പ്ലേയിങ് ഇലവനിൽ നിന്ന് പേസർ മുഹമ്മദ് സിറാജിനെ ഒഴിവാക്കിയതിൽ രാഷ്ട്രീയ വിവാദം. സിറാജിന്റെ മതപരമായ സ്വത്വമാണ് ടീമിൽ ഇടം ലഭിക്കാതിരുന്നതിന് കാരണമെന്ന സൂചനയുമായി കോൺഗ്രസ് എംപി ഇമ്രാൻ മസൂദ് രംഗത്തെത്തി. ആരോപണം തള്ളി ബിജെപി ശക്തമായി തിരിച്ചടിച്ചു.
മികച്ച പ്രകടനങ്ങൾ നടത്തിയിട്ടും സിറാജിന് ടീമിൽ ഇടം ലഭിക്കാത്തത് വിവേചനമാണെന്നായിരുന്നു സഹാറൻപുർ എംപിയായ ഇമ്രാൻ മസൂദിന്റെ പ്രതികരണം. സിറാജ് എന്ന പേരായതുകൊണ്ടാണ് താരത്തെ ഒഴിവാക്കിയതെന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഈ പ്രസ്താവനയാണ് രാഷ്ട്രീയ വിവാദത്തിന് തുടക്കമിട്ടത്.
മതത്തിന്റെയോ ജാതിയുടെയോ പേരിൽ രാജ്യത്ത് ആരോടും വിവേചനം കാണിക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു പ്രതികരിച്ചു. അവസരങ്ങൾ ലഭിക്കുന്നത് കഴിവിന്റെ അടിസ്ഥാനത്തിലാണെന്നും ക്രിക്കറ്റ് ടീമിലെ തിരഞ്ഞെടുപ്പിനെ മതപരമായ വിഭജനത്തിലേക്ക് വലിച്ചിഴക്കരുതെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘സബ്കാ സാഥ്, സബ്കാ വികാസ്’, ‘ഏക് ഭാരത് ശ്രേഷ്ഠ ഭാരത്’ എന്നീ ആശയങ്ങളും റിജിജു ചൂണ്ടിക്കാട്ടി.
ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരിയും മസൂദിനെതിരെ രംഗത്തെത്തി. ക്രിക്കറ്റ് ടീമിന്റെ തിരഞ്ഞെടുപ്പിൽ പോലും കോൺഗ്രസ് വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. എല്ലാ താരങ്ങളും ഇന്ത്യൻ ജഴ്സിയാണ് ധരിക്കുന്നതെന്നും ടീമിനെ മതത്തിന്റെ പേരിൽ വിഭജിക്കരുതെന്നും ഭണ്ഡാരി എക്സിൽ കുറിച്ചു. ബിജെപി നേതാവ് ബൂറ നർസയ്യ ഗൗഡും മസൂദിന്റെ പ്രസ്താവനയെ വിമർശിച്ചു.
അതേസമയം, സിറാജിനെ ഒഴിവാക്കിയത് ടീം കോമ്പിനേഷനും പിച്ചിന്റെ സാഹചര്യങ്ങളും പരിഗണിച്ചാണെന്നാണ് ടീം മാനേജ്മെന്റിന്റെ വിശദീകരണം. ജസ്പ്രീത് ബുംറ, ആകാശ് ദീപ്, പ്രസിദ്ധ് കൃഷ്ണ, അൻഷുൽ കാംബോജ് എന്നിവരടങ്ങിയ നാല് പേസർമാരുമായാണ് ഇന്ത്യ മത്സരത്തിനിറങ്ങിയത്.
സിറാജിന് ടീമിൽ ഇടം ലഭിക്കാത്തതിൽ തെറ്റില്ലെന്ന് ബാറ്റിങ് പരിശീലകൻ സിതാംശു കോട്ടക് വ്യക്തമാക്കി. ആദ്യ ദിവസം മാത്രം മുന്നിൽ കണ്ടല്ല, അഞ്ച് ദിവസത്തെ മത്സരത്തിനാവശ്യമായ ബൗളിങ് ഘടന പരിഗണിച്ചാണ് ടീമിനെ തിരഞ്ഞെടുത്തതെന്നും അദ്ദേഹം വിശദീകരിച്ചു.
ഇതോടെ ഒരു ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പ് തീരുമാനം കോൺഗ്രസ്-ബിജെപി രാഷ്ട്രീയ വാക്പോരിന് വഴിവെച്ചിരിക്കുകയാണ്.
