ഫവാദ്–മഹിറ ഖാന്റെ സീരീസിൽ വിവാദം; ഇന്ത്യയിൽ പാക് ഉള്ളടക്കം സ്ട്രീം ചെയ്യരുതെന്ന് നെറ്റ്ഫ്ലിക്സിന് കേന്ദ്രത്തിന്റെ ഓർമ്മപ്പെടുത്തൽ

ന്യൂഡൽഹി: പാക് താരങ്ങളായ ഫവാദ് ഖാനും മഹിറ ഖാനും പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ നെറ്റ്ഫ്ലിക്സ് സീരീസിനെച്ചൊല്ലി വിവാദം ശക്തമാകുന്നു. ഇന്ത്യയിൽ പാകിസ്താൻ ഉത്ഭവമായ ഉള്ളടക്കങ്ങൾ സ്ട്രീം ചെയ്യരുതെന്ന 2025 മേയ് എട്ടിലെ നിർദേശം പാലിക്കണമെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം നെറ്റ്ഫ്ലിക്സിനെ ഓർമ്മിപ്പിച്ചു. കേന്ദ്രത്തിന്റെ നിർദേശം പുതിയ നിരോധന ഉത്തരവല്ലെന്നും നേരത്തെയുള്ള നിർദേശം പാലിക്കണമെന്ന ഓർമ്മപ്പെടുത്തലാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

വിവാദത്തിന് കാരണമായിരിക്കുന്നത് ഫവാദ് ഖാനും മഹിറ ഖാനും ഉൾപ്പെടെയുള്ള പാക് താരങ്ങൾ അഭിനയിക്കുന്ന ‘ജോ ബച്ചേ ഹേൻ സാം സമേത് ലോ’ എന്ന സീരീസാണ്. ഡിസംബർ നാലിന് ആഗോളതലത്തിൽ റിലീസ് ചെയ്യാനാണ് നെറ്റ്ഫ്ലിക്സിന്റെ തീരുമാനം. എന്നാൽ ഇന്ത്യയിൽ സീരീസ് ലഭ്യമാകുമോ എന്ന കാര്യത്തിൽ പ്ലാറ്റ്ഫോം ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.

2025 ഏപ്രിലിലെ പഹൽഗാം ഭീകരാക്രമണത്തിനും തുടർന്ന് ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടായ സൈനിക സംഘർഷത്തിനും പിന്നാലെയായിരുന്നു കേന്ദ്രത്തിന്റെ മുൻ നിർദേശം. പാകിസ്താനിൽ ഉത്ഭവിച്ച വെബ് സീരീസുകൾ, സിനിമകൾ, ഗാനങ്ങൾ, പോഡ്കാസ്റ്റുകൾ തുടങ്ങിയവ ഇന്ത്യയിൽ ലഭ്യമാക്കുന്നത് നിർത്തിവയ്ക്കാൻ എല്ലാ ഒടിടി പ്ലാറ്റ്‌ഫോമുകൾക്കും മന്ത്രാലയം നിർദേശം നൽകിയിരുന്നു. ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

അതേസമയം, ഓൾ ഇന്ത്യ സിനി വർക്കേഴ്‌സ് അസോസിയേഷൻ (AICWA) സീരീസിന്റെ ഇന്ത്യയിലെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. പാക് ഉള്ളടക്കങ്ങൾക്ക് ഇന്ത്യയിൽ സ്ഥിരമായ നിരോധനം ഏർപ്പെടുത്താൻ നിയമനിർമാണം വേണമെന്നും സംഘടന ആവശ്യപ്പെട്ടു.

ഫവാദ് ഖാൻ, മഹിറ ഖാൻ എന്നിവർക്കൊപ്പം ഹാനിയ ആമിർ ഉൾപ്പെടെയുള്ള പാക് താരങ്ങളും സീരീസിലുണ്ട്. കേന്ദ്രത്തിന്റെ പഴയ നിർദേശം വീണ്ടും ചർച്ചയാകുന്നതിനിടെ ഡിസംബർ നാലിലെ റിലീസിന് മുന്നോടിയായി നെറ്റ്ഫ്ലിക്സിന്റെ ഇന്ത്യയിലെ തീരുമാനം നിർണായകമാകും.

Leave a Reply

Your email address will not be published. Required fields are marked *