ഡൽഹി : വിദ്യാർഥി യൂണിയൻ പുനഃസ്ഥാപിക്കണമെന്ന ആവശ്യം പരിഗണിക്കാനൊരുങ്ങി ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാല അധികൃതർ. ആവശ്യമുന്നയിച്ച് അഞ്ച് വിദ്യാർഥികളുടെ നേതൃത്വത്തിൽ നടക്കുന്ന നിരാഹാര സമരം ഒരാഴ്ച പിന്നിട്ടതോടെയാണ് സർവകലാശാലയുടെ നീക്കം. വിദ്യാർഥികളുമായി ചർച്ച നടത്തുന്നതിനായി വിവിധ വിഭാഗങ്ങളിലെ ഡീൻമാരെ ഉൾപ്പെടുത്തി ഏഴംഗ ഉന്നതതല സമിതിക്ക് രൂപം നൽകി.
സമരം ചെയ്യുന്ന വിദ്യാർഥികളുമായി ചർച്ച നടത്തി സമിതി സർവകലാശാല വൈസ് ചാൻസലർക്ക് റിപ്പോർട്ട് സമർപ്പിക്കും. വിദ്യാർഥി യൂണിയൻ പുനഃസ്ഥാപിക്കുക, സമരത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരെ സ്വീകരിച്ച നടപടികൾ പിൻവലിക്കുക എന്നിവയാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യങ്ങൾ. ആവശ്യങ്ങൾ അംഗീകരിക്കാതെ നിരാഹാര സമരം അവസാനിപ്പിക്കില്ലെന്നാണ് വിദ്യാർഥികളുടെ നിലപാട്.
2006ലാണ് ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിൽ അവസാനമായി വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ് നടന്നത്. അന്ന് ക്യാമ്പസിലുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് നടപടികൾ നിർത്തിവെച്ചത്. കഴിഞ്ഞ 20 വർഷമായി യൂണിയൻ തിരഞ്ഞെടുപ്പ് നടക്കാത്ത സാഹചര്യത്തിൽ, ജനാധിപത്യപരമായ വിദ്യാർഥി പ്രാതിനിധ്യം പുനഃസ്ഥാപിക്കണമെന്ന ആവശ്യം ഉയർത്തിയാണ് അഞ്ച് വിദ്യാർഥികൾ നിരാഹാര സമരം ആരംഭിച്ചത്.
സമരത്തിനിടെ വിദ്യാർഥികളെ സർവകലാശാല സുരക്ഷാ ഉദ്യോഗസ്ഥർ ക്യാമ്പസിന് പുറത്തേക്ക് ബലമായി നീക്കിയതോടെ പ്രതിഷേധം ശക്തമായി. ചീഫ് പ്രോക്ടറുടെയും സുരക്ഷാ ഉപദേഷ്ടാവിന്റെയും നേതൃത്വത്തിൽ അറുപതോളം സുരക്ഷാ ജീവനക്കാർ സ്ഥലത്തെത്തി സമരപ്പന്തലുകളും കിടക്കകളും നീക്കം ചെയ്തിരുന്നു. ഇതിന് പിന്നാലെ പൊലീസ് നടപടികളും ഉണ്ടായി.
സംഭവത്തിൽ പ്രതിഷേധിച്ച് എൻ.എസ്.യു.ഐ, ഐസ, ജെ.എൻ.യു.എസ്.യു തുടങ്ങിയ വിദ്യാർഥി സംഘടനകളും സമരത്തിന് പിന്തുണയുമായി രംഗത്തെത്തി. പ്രതിഷേധം ശക്തമായതോടെയാണ് വിദ്യാർഥി യൂണിയൻ പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ സർവകലാശാല ഉന്നതതല സമിതിയെ നിയോഗിച്ചത്.
അതേസമയം, ക്യാമ്പസിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വിദ്യാർഥികളുടെ ആവശ്യങ്ങളിൽ സർവകലാശാല എന്ത് തീരുമാനമെടുക്കുമെന്നാണ് ഇനി അറിയേണ്ടത്.



