ഇ-20 പെട്രോൾ: വ്യാജ വാർത്തകൾക്ക് പത്ത് വിശദീകരണങ്ങളുമായി കേന്ദ്രം

ന്യൂഡൽഹി: ഇ20 എഥനോൾ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾക്ക് മറുപടി നൽകി കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം. എൻജിന് കേടുപാടുണ്ടാവുക, വെള്ളത്തിന്റെ ഉപയോഗം, വാഹനങ്ങളുടെ വാറണ്ടി, ഇന്ധനക്ഷമത, പാരിസ്ഥിതിക ആഘാതം എന്നിവയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്ക് മറുപടിയായി സർക്കാർ വിശദീകരണങ്ങൾ പുറത്തിറക്കി. ശാസ്ത്രീയപഠനങ്ങളുടെയും സുരക്ഷാമാനദണ്ഡങ്ങളുടെയും അന്താരാഷ്ട്ര അനുഭവങ്ങളുടെയും അടിസ്ഥാനത്തിലാണ് പെട്രോളിൽ 20 ശതമാനം വരെ എത്തനോൾ കലർത്തുന്ന ഈ പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.

എൻജിന് കേടുപാടുണ്ടാവുക, വെള്ളത്തിന്റെ ഉപയോഗം, വാഹനങ്ങളുടെ വാറണ്ടി, ഇന്ധനക്ഷമത, പാരിസ്ഥിതിക ആഘാതം എന്നിവയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്ക് മറുപടിയായാണ് സർക്കാർ ഈ വിശദീകരണങ്ങൾ പുറത്തിറക്കിയിരിക്കുന്നത്. ശാസ്ത്രീയപഠനങ്ങളുടെയും സുരക്ഷാമാനദണ്ഡങ്ങളുടെയും അന്താരാഷ്ട്ര അനുഭവങ്ങളുടെയും അടിസ്ഥാനത്തിലാണ് പെട്രോളിൽ 20 ശതമാനം വരെ എത്തനോൾ കലർത്തുന്ന ഈ പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു

ഒരു ലിറ്റർ എഥനോൾ ഉത്പാദിപ്പിക്കാൻ 10,000 ലിറ്റർ വെള്ളം ആവശ്യമാണെന്ന വാദങ്ങൾ സർക്കാർ തള്ളി. ദേശീയ ഭക്ഷ്യസുരക്ഷാ ആവശ്യകതകൾ നിറവേറ്റിയ ശേഷം ലഭ്യമാകുന്ന മിച്ചമുള്ള അരി മാത്രമാണ് എത്തനോൾ ഉത്പാദനത്തിനായി ഉപയോഗിക്കുന്നതെന്ന് വ്യക്തമാക്കി. കൂടാതെ ജലം പുനരുപയോഗിക്കുന്നതിനായി സീറോ ലിക്വിഡ് ഡിസ്ചാർജ്സംവിധാനങ്ങൾ കൂടുതലായി സ്വീകരിച്ചുവരികയുമാണെന്നും മന്ത്രാലയം വ്യക്തമാക്കി. എഥനോൾ ഡിസ്റ്റിലറികൾ ഒരു ലിറ്റർ എഥനോളിന് ഏകദേശം 3-5 ലിറ്റർ സംസ്‌കരിച്ച ജലമാണ് ഉപയോഗിക്കുന്നത്. കൂടാതെ ജലം പുനരുപയോഗിക്കുന്നതിനായി സീറോ ലിക്വിഡ് ഡിസ്ചാർജ് (Zero Liquid Discharge) സംവിധാനങ്ങൾ കൂടുതലായി സ്വീകരിച്ചുവരികയുമാണ്.

പദ്ധതിക്കുകീഴിൽ വിതരണം ചെയ്യുന്ന എഥനോളിന്റെ 40 ശതമാനത്തിലധികവും ചോളത്തിൽ നിന്നാണെന്നും ഇതിന് നെല്ലിനെക്കാൾ വളരെ കുറഞ്ഞ ജലസേചനം മാത്രമേ ആവശ്യമുള്ളൂവെന്നും ഉയർന്ന താങ്ങുവിലയിലൂടെ ഇത് പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. അമേരിക്ക, ബ്രസീൽ, കാനഡ, തായ്ലാൻഡ്, ജപ്പാൻ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിൽ പതിറ്റാണ്ടുകളായി എഥനോൾ കലർത്തിയ പെട്രോൾ ഉപയോഗത്തിലുണ്ടെന്ന് മന്ത്രാലയം പറഞ്ഞു.

ഇന്ധനക്ഷമതയും വാഹനത്തിന്റെ പ്രകടനവുംപാസഞ്ചർ കാറുകളിൽ 40,000 കിലോമീറ്ററിലധികവും ഇരുചക്രവാഹനങ്ങളിൽ 20,000 കിലോമീറ്ററിലധികവും നടത്തിയ പരിശോധനയിൽ വാഹനത്തിന്റെ ഓട്ടത്തെയോ ഇന്ധനക്ഷമതയെയോ ഇത് കാര്യമായി ബാധിക്കുന്നില്ലെന്ന് ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ (എ.ആർ.എ.ഐ.) നടത്തിയ പരീക്ഷണങ്ങൾ ഉദ്ധരിച്ച് സർക്കാർ വ്യക്തമാക്കി. മൈലേജിൽ ‘ചെറിയ’ മാറ്റങ്ങൾ മാത്രമാണ് കണ്ടെത്തിയത്. ഇ20-ക്കുവേണ്ടി രൂപകല്പന ചെയ്തിട്ടുള്ള വാഹനങ്ങൾക്ക് എഥനോളിന്റെ ഉയർന്ന ഒക്ടെയ്ൻ റേറ്റിങ്ങിൽനിന്ന് പ്രയോജനം നേടാനാകുമെന്നും സർക്കാർ കൂട്ടിച്ചേർത്തു.

ഇ20 എൻജിനുകൾക്ക് കേടുപാടുകൾ വരുത്തുമെന്നോ വാഹനഭാഗങ്ങളെ ദ്രവിപ്പിക്കുമെന്നോ ഉള്ള വാദങ്ങൾ തള്ളിക്കളഞ്ഞ മന്ത്രാലയം, എ.ആർ.എ.ഐ., ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം, സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ് എന്നിവയുടെ പഠനങ്ങളെ പരാമർശിച്ചു.പഴയ വാഹനങ്ങളിലെ ചില റബർ ഭാഗങ്ങൾ നേരത്തേ മാറ്റേണ്ടിവരുമെങ്കിലും, ലോഹനിർമിതമായതോ പ്ലാസ്റ്റിക് നിർമിതമായതോ ആയ ഭാഗങ്ങളുമായി ഇവയ്ക്ക് യാതൊരു പ്രശ്നവും ഇല്ലെന്ന് ഈ പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

ഈ ഇന്ധനമിശ്രിതം ഉപയോഗിക്കാൻ രൂപകല്പന ചെയ്തിട്ടുള്ളതോ അംഗീകാരം ലഭിച്ചതോ ആയ വാഹനങ്ങൾക്ക് ഇ20 ഇന്ധനം ഉപയോഗിക്കുന്നതുകാരണം വാറന്റിയോ ഇൻഷുറൻസോ അസാധുവാക്കില്ലെന്ന് വാഹനനിർമാതാക്കളിൽനിന്നും ഇൻഷുറൻസ് കമ്പനികളിൽനിന്നുമുള്ള വിശദീകരണങ്ങൾ ഉദ്ധരിച്ചുകൊണ്ട് സർക്കാർ വ്യക്തമാക്കി.

ഇ20-യിൽ പഞ്ചസാര അടങ്ങിയിട്ടുള്ളതിനാൽ പ്രാണികളെ ആകർഷിക്കുമെന്ന വാദവും സർക്കാർ തള്ളി. ഇന്ധനഗ്രേഡ് എഥനോൾ വാറ്റിയെടുക്കുന്നത് അവശേഷിക്കുന്ന പഞ്ചസാര നീക്കം ചെയ്യാനാണെന്നും അതിൽ പ്രാണികളെ അകറ്റുന്ന ഡീനാച്ചുറന്റുകൾ അടങ്ങിയിട്ടുണ്ടെന്നും പറഞ്ഞു. മിശ്രിത ഇന്ധനത്തിൽ പെട്രോളിന്റെ ഗന്ധമാണ് കൂടുതലായി നിൽക്കുന്നതെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

പദ്ധതിയെ സുപ്രീംകോടതിക്കുമുന്നിൽ ഒരു ‘പരീക്ഷണം’ എന്നുവിളിച്ചു എന്ന വാദങ്ങളെ മന്ത്രാലയം നിഷേധിച്ചു. എഥനോൾ സംഭരണത്തെ നിയന്ത്രിക്കുന്ന കരാർ വ്യവസ്ഥകളുമായി ബന്ധപ്പെട്ടാണ് കോടതി നടപടികൾ ഉണ്ടായതെന്നും, എഥനോൾ ബ്ലെൻഡിങ്ങിന്റെ ഗുണങ്ങളുമായി ബന്ധപ്പെട്ടല്ലെന്നും മന്ത്രാലയം വ്യക്തമാക്കി. മറിച്ചുള്ള മാധ്യമറിപ്പോർട്ടുകൾ കൃത്യമല്ലെന്ന് അറ്റോർണി ജനറലിന്റെ ഓഫീസും വ്യക്തമാക്കിയിട്ടുണ്ട്.

ഇ20 വെള്ളം വലിച്ചെടുക്കുമെന്നും വാഹനത്തിന്റെ ഇന്ധനടാങ്കുകളിൽ വെള്ളം കയറുന്നതിനിടയാക്കുമെന്ന ആശങ്കകൾ തള്ളിക്കളഞ്ഞ മന്ത്രാലയം, വെള്ളം കയറുന്നത് തടയുന്നതിനുള്ള സുരക്ഷാസംവിധാനങ്ങൾ ആധുനിക വാഹനങ്ങളിലും ഇന്ധനവിൽപനകേന്ദ്രങ്ങളിലും ഉണ്ടെന്ന് അറിയിച്ചു.

കരിമ്പുജ്യൂസ് പെട്രോളുമായി കലർത്തുന്നത് കാണിക്കുന്ന തരത്തിൽ പ്രചരിക്കുന്ന വൈറൽ വീഡിയോകൾ കെട്ടിച്ചമച്ചതാണെന്ന് പറഞ്ഞ മന്ത്രാലയം, വ്യാവസായിക പ്രക്രിയകളിലൂടെയാണ് ഇന്ധന എഥനോൾ ഉത്പാദിപ്പിക്കുന്നതെന്നും നിർദിഷ്ട ഗുണനിലവാര മാനദണ്ഡങ്ങൾക്കനുസരിച്ചാണ് ഇത് കലർത്തുന്നതെന്നും കൂട്ടിച്ചേർത്തു.

നിയമാനുസൃതമായ പാരിസ്ഥിതികാനുമതികൾ, ഭൂഗർഭജല നിയന്ത്രണങ്ങൾ, സീറോ ലിക്വിഡ് ഡിസ്ചാർജ് മാനദണ്ഡങ്ങൾ എന്നിവയ്ക്കുകീഴിലാണ് എഥനോൾ പ്ലാന്റുകൾ പ്രവർത്തിക്കുന്നതെന്ന് സർക്കാർ പറഞ്ഞു. പദ്ധതിയുടെ ഗുണഫലങ്ങളും സർക്കാർ എടുത്തുകാണിച്ചു. 2014-15 മുതൽ വിദേശനാണ്യത്തിൽ 1.9 ലക്ഷം കോടിയിലധികം രൂപ ലാഭിക്കാൻ ഇത് സഹായിച്ചുവെന്നും, കർഷകർക്ക് 1.6 ലക്ഷം കോടിയിലധികം രൂപയുടെ പേയ്‌മെന്റുകൾ നൽകാൻ ഇതുവഴി കഴിഞ്ഞു. കാർബൺ ഡയോക്സൈഡ് ബഹിർഗമനം ഏകദേശം 930 ലക്ഷം മെട്രിക് ടൺ കുറച്ചുവെന്നും, 310 ലക്ഷം മെട്രിക് ടണ്ണിലധികം ക്രൂഡ് ഓയിൽ ഇറക്കുമതി ഒഴിവാക്കാൻ സഹായിച്ചുവെന്നും സർക്കാർ വ്യക്തമാക്കി.2013-14-ൽ ബ്ലെൻഡിങ് തോത് ഏകദേശം 1.5 ശതമാനമായിരുന്നത് വർധിച്ച്, നിശ്ചയിച്ച സമയത്തിനും വളരെ മുൻപേ, 2025 ഡിസംബറിൽ പെട്രോളിൽ 20 ശതമാനം എഥനോൾ ബ്ലെൻഡിങ് എന്ന ലക്ഷ്യം ഇന്ത്യ കൈവരിച്ചതായി മന്ത്രാലയം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *