ചെന്നൈ: 50 വർഷത്തിന് ശേഷം തമിഴ്‌നാട്ടിൽ, ഡി.എം.കെയും എ.ഐ.എ.ഡി.എം.കെയും തമ്മിലുള്ള രാഷ്ട്രീയ യുദ്ധത്തിന് മാറ്റം വരുമെന്ന് എക്സിറ്റ് പോളുകളുടെ പ്രവചനം. നടൻ വിജയ് നയിക്കുന്ന ടി.വി.കെ. നിർണായകനേട്ടം കൈവരിക്കുമെന്ന് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ സൂചിപ്പിക്കുന്നു.
രണ്ട് വർഷം മാത്രം പഴക്കമുള്ള പാർട്ടിക്ക് സംസ്ഥാനത്തെ 234 സീറ്റുകളിൽ 98 മുതൽ 120 വരെ നേടാനാകുമെന്നാണ് പ്രവചനം. അധികാരം നേടാൻ 118 സീറ്റുകളുടെ ഭൂരിപക്ഷം വേണം
ടി.വി.കെയുടെ സാധ്യതയുള്ള വിജയത്തിന്റെ പ്രധാന കാരണം നടനും രാഷ്ട്രീയക്കാരനുമായ വ്യക്തിയെ മുഖ്യമന്ത്രിയായി കാണാനുള്ള ജനങ്ങളുടെ ആഗ്രഹമാണെന്ന് ആക്സിസ് മൈ ഇന്ത്യ പറയുന്നു.
വിജയ് ആണ് ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞെടുക്കുന്ന മുഖ്യമന്ത്രി എന്നും, 37 ശതമാനം ആളുകൾ അദ്ദേഹത്തിന് വേണ്ടി വോട്ട് ചെയ്തതായും അവരുടെ ഡേറ്റ സൂചിപ്പിക്കുന്നു.
രണ്ടാമതും ഭരണം പ്രതീക്ഷിക്കുന്ന ഡി.എം.കെ.യുടെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് 35 ശതമാനം ആളുകളും മുൻ മുഖ്യമന്ത്രി ഇ. പളനിസാമിക്ക് 22 ശതമാനം ആളുകളും പിന്തുണ നൽകി.
